ഇത് പട്ടിൽ നെയ്ത ഇന്ത്യൻ കഥ

അമൃത രാജു

കുന്നംകുളം: വിവിധ സംസ്കാരങ്ങൾ ഇഴനെയ്ത സാരികൾ സരസ്സ് മേളയിലേക്ക് ആളുകളെ ആകർഷിപ്പിക്കുന്നു.
തറിയിൽ നെയ്തെടുത്ത കേരളത്തിന്റെ കൈത്തറി സാരി മുതൽ പട്ടുനൂലിൽ വിസ്മയം തീർക്കുന്ന ഉത്തർപ്രദേശിന്റെ ബനാറസി സാരികൾ വരെ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്.
പുതുമയുടെ വസന്തം കണ്ടെത്തുന്ന ഓരോ സാരികളും സാരി പ്രേമികളുടെ മനം കവരുന്നവയാണ് .

സിൽക്ക് കോട്ടൺ തുണികളിൽ വിസ്മയം തീർക്കുന്ന ജാർഖണ്ഡിന്റെ മാർവൽ സാരികൾ അതിമനോഹരമാണ്. ആയിരം രൂപ മുതൽ വിലയുള്ള മാർവൽ സാരികളാണ് സ്റ്റാളിൽ എത്തിയിട്ടുള്ളത് .മനോഹരമായ ചിത്രപ്പണികളാൽ സമ്പന്നമായ ആന്ധ്രയുടെ കലംകാരി സാരികൾക്കും ആവശ്യക്കാർ ഏറെയാണ്.
പ്രകൃതിദത്തമായ നിറങ്ങളും, ഡിസൈനുകളും കലംകാരിയെ മറ്റു സാരികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ഇന്ത്യൻ സാരികളിലെ പ്രമുഖമായ ബനാറസി സാരിയാണ് കൂട്ടത്തിലെ മറ്റൊരു ആകർഷണം. പട്ടുനൂലിനാൽ നെയ്‌തെടുക്കുന്ന ബനാറസി സാരികൾ കാഴ്ചയ്ക്കെന്ന പോലെ ഗുണമേന്മയിലും മികച്ചു നിൽക്കുന്നു.
ചിത്ര പണികളാൽ സുന്ദരമായ ബനാറസി സാരികൾ ആദ്യ കാഴ്ചയിൽ തന്നെ മനം കവരുന്നവയാണ്. ആയിരത്തിയഞ്ഞൂറ് രൂപ മുതലുള്ള സാരികളാണ് വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത് .
തെലങ്കാനയിൽ നിന്നുള്ള പോച്ചാംപ്പിള്ളി ഇക്കത്ത് സാരികൾ കനം കുറഞ്ഞവയും മനോഹരമായ ഡിസൈനിൽ ഉള്ളവയുമാണ്. മധുരൈ ചെട്ടിനാട് കോട്ടൺ സാരികളാണെങ്കിൽ വേനലിൽ അനുയോജ്യമായവയും.
മറ്റു സംസ്ഥാനങ്ങൾക്കൊപ്പം മാറ്റുരയ്ക്കാൻ കേരളത്തിന്റെ സ്വന്തം കൈത്തറിയും, കസവു സാരിയും മേളയിൽ ഇടം നേടിയിട്ടുണ്ട്.
ഒറീസ്സയുടെ സിൽക്ക് സാരികൾ, ഉത്തർപ്രദേശിന്റെ ജൂട്ട് സിൽക്ക് സാരികൾ അങ്ങനെ സാരികളുടെ തരങ്ങൾ നീളുകയാണ് ,നിറങ്ങളുടെ വസന്തം തീർത്തു സംസ്കാരങ്ങളെ സമന്യയിപ്പിച്ചുകൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: