ഓണ്‍ലൈനില്‍ ഇലയില്‍ ബിരിയാണി സദ്യ.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ്
ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇനി ബിരിയാണി സദ്യ എത്തുന്നത്.

രാജ്യത്താദ്യമായി ഇലയില്‍ ചിക്കന്‍ ബിരിയാണി സദ്യയെത്തുകയാണ്. അതും ജയിലില്‍ നിന്ന്…കേള്‍ക്കുമ്പോള്‍ അത്ഭുതവും വായില്‍ വെള്ളവുമൂറുന്നുണ്ടോ…? സംശയിക്കേണ്ട സത്യമാണ്…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ്
ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇനി ബിരിയാണി സദ്യ എത്തുന്നത്…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ
ഫ്രീഡം ചപ്പാത്തിയുടേയും, വെജ് ബിരിയാണിയുടെയും ചുവട് പിടിച്ചാണ് ജയിലില്‍ നിന്നു തന്നെ ‘ഇലയില്‍ ചിക്കന്‍ ബിരിയാണി’ സദ്യയിറങ്ങുന്നത്.


അതും വീട്ടിലേക്കെത്തും. ആധുനിക സംവിധാനത്തിലൂടെ ഓണ്‍ലൈനായിട്ടാണ് ഇലയിലെ ബിരിയാണി സദ്യയെത്തുക. മറ്റ് വിഭവങ്ങള്‍ കിട്ടുന്ന ജയിലിലെ കൗണ്ടറിലോ വിപണന വാഹനത്തിലോ ഇലയിലെ ബിരിയാണി സദ്യ കിട്ടില്ലെന്ന പ്രത്യേകതയുണ്ട്. ഇലയിലൊരു ഓണ്‍ലൈന്‍ ബിരിയാണി എന്നത് രാജ്യത്ത് തന്നെ ആദ്യവുമാകും. ”ഫ്രീഡം കോമ്പോ ലഞ്ച്” എന്നതാണ് ബിരിയാണി സദ്യയുടെ പേര്. പൊരിച്ച കോഴിക്കാല്‍ ഉള്ള 300 ഗ്രാം ബിരിയാണി,മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു ലിറ്റര്‍ കുപ്പിവെള്ളം, ഒരു കപ്പ് കേക്ക്, സലാഡ്, അച്ചാറുമാണുള്ളത്. ഇതോടൊപ്പമാണ് തൂശനില. ഇതെല്ലാം ചേര്‍ത്ത് പ്‌ളാസ്റ്റിക് ബാഗിലല്ല, പുനരുപയോഗ സാധ്യമായ പേപ്പര്‍ ബാഗിലാണ് എത്തുക. ഇതിനെല്ലാം ചേര്‍ത്ത് വന്‍തുകയായെന്ന് കരുതിയാല്‍ അതും തെറ്റി 127 രൂപ മാത്രം. ഇതും കൂടുതലാണെന്ന് തോന്നിയാല്‍ കുപ്പിവെള്ളം ഒഴിവാക്കിയാല്‍ 117 രൂപ വിഭവസമൃദ്ധമായ ചിക്കന്‍ ബിരിയാണി സദ്യ വീട്ടിലിരുന്ന് കഴിക്കാം.


ബിരിയാണി സദ്യയുടെ വിപണനത്തിനായി ഓണ്‍ലൈന്‍ സൈറ്റുകാരുമായി ധാരണയിലെത്തിയതായി ജയില്‍ അധികൃതര്‍ പറഞ്ഞു…ഈ മാസം 11_ാം തിയ്യതി തന്നെ ബിരിയാണി സദ്യ പദ്ധതിയുടെ വിപണനം തുടങ്ങും. ഭക്ഷ്യ വിഭവങ്ങള്‍, പച്ചക്കറി-പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, വോളിബോള്‍ ടീം, മ്യൂസിക് ബാന്‍ഡ്, എഫ്.എം, ടെലിവിഷന്‍ ചാനല്‍ എന്നിങ്ങനെ വിയ്യൂരില്‍ തടവുകാരുടെ പദ്ധതികള്‍ ഏറെയുണ്ട്.അതിലേക്കാണ് ഓണ്‍ലൈന്‍ ബിരിയാണി സദ്യയുമെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: