മാടമ്പള്ളിയിലെ തമിഴത്തിയെ തേടിയൊരു യാത്ര

By: Praveen Francis

അലാറം അതിനെ ഏൽപിച്ച ജോലി കൃത്യമായി ചെയ്തു. രാവിലെ 6 മണിക്ക് കൊല്ലത്തു നിന്നുള്ള KSRTC യിൽ കയറിയ ഞാൻ ഏകദേശം 10 മണിയോടെയാണ് എറണാകുളം KSRTC സ്റ്റാൻഡിൽ എത്തിയത്.
അവൾ തന്റെ സ്കൂട്ടറുമായി എനിക്ക് മുമ്പേ അവിടെ എത്തിയിരുന്നു.
അടുത്തു ചെന്നതും താക്കോൽ എന്നെ ഏല്പിച്ചു പിന്നിൽ സ്ഥാനം ഉറപ്പിച്ചു.
മാടമ്പള്ളി മനയിലേക്കുള്ള യാത്ര ആരംഭിച്ചു
(Hill Palace museum, Thripunithura,Kochi).

വീട്ടിൽ നിന്നും, കോളേജിലെ കൂട്ടുകാർക്കൊപ്പവും പല തവണ പോയി പരിചയമുള്ള ഇടമാണെന്നു അവൾ പറഞ്ഞെങ്കിലും, അങ്ങോട്ടേക്കുള്ള വഴി പറയാൻ പറഞ്ഞപ്പോൾ തഥൈവ..
ഒടുവിൽ ഗൂഗിൾ മാപ്പിൽ ആശ്രയമർപ്പിച്ചു. എറണാകുളം ബസ്സ്റ്റാൻഡിൽ നിന്നും Hill Palace Museum വരെ 12 കിലോമീറ്റർ മാപ്പു കാണിച്ചു തന്ന വഴിയിലൂടെ യാത്ര തുടങ്ങി. യാത്രക്കിടയിൽ ഹോട്ടലിൽ കയറി നെയ്യ് റോസ്റ്റും കഴിച്ചു, എറണാകുളത്തെ ട്രാഫിക്കിനോട് മല്ലടിച്ചും 11:30 യോടെ ഹിൽ പാലസിന്റെ ഗേറ്റിനു മുന്നിൽ എത്തി.

പെരുമ്പടപ്പ് സ്വരൂപം എന്നു പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമാണ് തൃപ്പൂണിത്തുറ ഹിൽ പാലസ്. 54 ഏക്കറിലെ മതിൽകെട്ടിനുള്ളിലായി ഒരു കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്നു ആ കൊട്ടാരം കേരളത്തിലെ ഏറ്റവും വലിയ Archaeological Museum കൂടിയാണ്.

20 രൂപ ടിക്കറ്റ് ചാർജ് അടച്ചു രണ്ടു ടിക്കറ്റുകൾ വാങ്ങുമ്പോഴാണ് “തിങ്കളാഴ്ച്ച അവധി” എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത്. തലേ ദിവസം വരാമെന്നു പറഞ്ഞു ഞാൻ പറ്റിച്ചതിൽ അവൾക്കു ഉണ്ടായ പരിഭവം ആ ബോർഡ് കാട്ടി കൊടുത്തതോടെ മാറി.
ടിക്കറ്റും വാങ്ങി എത്ര മണി വരെയാണ് പ്രവേശനമെന്നു തിരക്കിയ ഞങ്ങളോട് കൗണ്ടറിലെ ചേച്ചി പറഞ്ഞു സന്ദർശന സമയം രാവിലെ 9 മുതൽ 12:30 വരെയും ശേഷം ഉച്ചകഴിഞ്ഞു 2 മുതൽ 4:30 വരെയും ആണ്.
11:30 കഴിഞ്ഞ സ്ഥിതിക്ക് 2 മണിക്ക് കൊട്ടാരത്തിനകത്തു കയറുന്നതാകും നല്ലതു എന്നു തീരുമാനിച്ചു ഞങ്ങൾ ആ ഇടവേള കൊട്ടാരവളപ്പിൽ ചിലവിട്ടു.
കുളവും കുളത്തിലേക്കുള്ള കൽ പടവുകളും അതിനോട് ചേർന്നുള്ള കുളിപ്പുരയും പടിവാതിലും ഞങ്ങളുടെ മനസ്സും സമയവും കവർന്നു.
പിന്നീട് പഴയ പടു കൂറ്റൻ ഒരു ദിനോസർ രൂപവും, തങ്ങളുടേതായ ലോകത്തു മറ്റാരെയും ശ്രദ്ധിക്കാതെ വിരാജിക്കുന്ന മാൻ കൂട്ടങ്ങളും, അതിനോട് ചേർന്ന സുന്ദരമായ ഉദ്യാനവും, കൽമണ്ഡപവും അതിന്റെ സമീപ പ്രദേശങ്ങളും എല്ലാം നടന്നും ഇരുന്നും കണ്ടും തൊട്ടും ആസ്വദിച്ചു.
കൊട്ടാരത്തിന്റെ ചുറ്റു വളപ്പിൽ അങ്ങിങ്ങായി കെട്ടിയിട്ടുള്ള ഊഞ്ഞാലുകളിലൊന്നിൽ ഇരുന്നു ആടുമ്പോൾ മനസ്സ് കുട്ടിക്കാലത്തേക്ക് പോയി വന്നു.

പുറം കാഴചകളിൽ സമയം പോയതറിഞ്ഞില്ല.
കൊട്ടാരത്തിനകത്ത് പ്രവേശിക്കാൻ തീരുമാനിച്ചു നടന്ന ഞങ്ങൾ എത്തിയത് തമിഴത്തിയെ പേടിച്ചു ദാസപ്പൻ ഇന്നച്ഛൻ ചേട്ടനെ ഒറ്റക്കാക്കി മുങ്ങിയ ആ വാതിലിനു മുന്നിലായിരുന്നു.
പ്രധാന കവാടത്തിനു മുന്നിലെ ആ പ്രതിമയിൽ ഇന്നച്ഛൻ ചേട്ടന്റെ കുട കിടക്കുന്ന രംഗം മനസിൽ തെളിഞ്ഞു വന്നു (മണിച്ചിത്രത്താഴ്).

കൊട്ടാരത്തിനകത്തു ചെരിപ്പും, മൊബൈൽ ഫോണും, വാലറ്റും കർശനമായി നിരോധിച്ചിരിക്കുകയാണ്. പുറത്തു ഇടതു വശത്തായി കണ്ട കൗണ്ടറിൽ എല്ലാം ഏല്പിച്ചു ടോക്കണും വാങ്ങി അകത്തേക്ക് കടന്നു.
മാടമ്പള്ളിയിലെ തമിഴത്തിയെ തേടി യാത്ര തിരിച്ച ഞങ്ങളെ കാത്തിരുന്നത് രാജകീയ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളും, കഴിഞ്ഞ കാലം കടം തന്നു പോയ അമൂല്യ വസ്തുക്കളുടെ കലവറയുമായിരുന്നു.
പണ്ട് നാട് വാണിരുന്ന രാജാക്കൻമാരുടെ ചിത്രങ്ങളും, അവരുടെ വിവരങ്ങളും, ആയുധശേഖരങ്ങളും, ചെപ്പേടുകളും ശാസനങ്ങളും, കരകൗശല വസ്തുക്കളും, വാസ്തു ശില്പങ്ങളും, സ്വർണ വെള്ളി ആഭരണങ്ങളും, സ്വർണകിരീടവും, അനവധി വിശിഷ്ടവും പുരാതനവുമായ ശേഖരങ്ങളും കൺ കുളിർക്കെ കണ്ടു മനസിൽ പതിപ്പിച്ചു.
(മ്യൂസിയത്തിനകത്തു ഫോട്ടോഗ്രഫി കർശനമായി നിരോധിച്ചിരിക്കുന്നു).

വർണ്ണനകൾ കൊണ്ടു വിശേഷിപ്പിക്കാൻ കഴിയാത്ത ആ സൗന്ദര്യം ആസ്വദിച്ചു ഇടനാഴികളിലൂടെ നടന്നു പ്രധാന ബാൽക്കണിയിൽ എത്തി, അവളുടെ കൈയ്യും പിടിച്ചു ഞങ്ങൾ കയറി വന്ന കൊട്ടാരമുറ്റത്തെ ആ നീണ്ട പടിനിരകൾ നോക്കി നിന്നപ്പോൾ.
മാടമ്പള്ളിയിലെ തമിഴത്തിയെ കാണാൻ വന്ന കാര്യം തീർത്തും മനസിൽ നിന്നും മാഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *