പൊലീസ് സ്റ്റേഷനുകള്‍ ആരാധകരുടെ പിടിയില്‍. ആരാധകരെ സൂക്ഷിക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

നവാസ് കൊടുങ്ങല്ലൂര്‍.


തൃശൂര്‍: (കൊടുങ്ങല്ലൂര്‍) ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ആരാധക സംഘങ്ങള്‍ ശക്തി പ്രാപിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുകയും അത് വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ചില സംഘങ്ങള്‍ ഇതിനായി സോഷ്യല്‍ മീഡിയയെയാണ് ഉപയോഗിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കുറിപ്പുകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഇതിന്റെ തുടര്‍ച്ചയായി ഉദ്യോഗസ്ഥരെ നിയന്ത്രിക്കാവുന്ന വിധത്തില്‍ ഇത്തരം ആളുകള്‍ വളരുകയും ചെയ്യുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം സൗഹൃദങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുവാനും അതുവഴി പൊലീസിന്റെ വിശ്വാസ്യതയും അച്ചടക്കവും ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
പൊലീസിനും പൊലീസ് സ്റ്റേഷനും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങള്‍ പിന്നീട് ഉദ്യേസ്ഥരില്‍ സ്വാധീനം ചെലുത്താനാകും വിധത്തില്‍ മാറുന്നുണ്ട്.ഒരു ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഉപയോഗിച്ച് ഇവര്‍ സ്വാധീനം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കും.
ചില സ്റ്റേഷനുകളിലെ പ്രധാന ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ പോലും ഇക്കൂട്ടര്‍ നിയന്ത്രിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉദ്യോഗസ്ഥരോടൊപ്പമുള്ള സെല്‍ഫി പോലുള്ള നിരുപദ്രവകരമായ താത്പര്യങ്ങളാണ് ചില ആരാധകര്‍ക്കുള്ളതെങ്കില്‍ മറ്റു ചിലര്‍ പൊലീസിലുള്ള പിടുത്തം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
രാഷ്ട്രീയക്കാരുള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പൊലീസിലുണ്ടായിരുന്ന സ്വാധീനത്തെ മറികടക്കും വിധത്തിലാണ് ഇക്കൂട്ടരുടെ വളര്‍ച്ച.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ പോലും തങ്ങളുടെ സ്വാധീനം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഇത്തരം ആരാധകര്‍ ഇടിച്ചുകയറുന്നത് പതിവു കാഴ്ച്ചയാണ്.
പിറന്നാള്‍ ആഘോഷം, യാത്രയയപ്പ്, സ്വീകരണം തുടങ്ങിയ പരിപാടികള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പലപ്പോഴും സംഘടിപ്പിക്കുന്നതും ഇത്തരക്കാരാണ്.
പൊലീസ് സ്റ്റേഷനുകളിലെ നിത്യ സന്ദര്‍ശകരായ ഇവര്‍ വഴി പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങളുള്‍പ്പടെയുള്ള രഹസ്യങ്ങള്‍ ചോരാനിടയുണ്ട്. സ്റ്റേഷനുകളിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ ഈ ആരാധകവൃന്ദത്തിനെതിരാണ്. സംഘടനാ തലത്തിലും മറ്റും ഇവര്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ജനമൈത്രി പൊലീസ് എന്ന പേരില്‍ ഇവരുടെ പ്രതിഷേധത്തിന് തടയിടുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ സേവനത്തിന് ഉപയോഗിക്കുന്നവര്‍ക്ക് പോലും ഇത്തരം സംഘങ്ങള്‍ ദുഷ്‌പേരുണ്ടാക്കുന്നുണ്ട്.
ഒറ്റനോട്ടത്തില്‍ തികച്ചും നിരുപദ്രവകരമെന്ന് തോന്നിയേക്കാവുന്ന ഈ ആരാധകവൃന്ദം പൊലീസിന്
പൊല്ലാപ്പാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *