ഇഷയെന്ന പാവകുട്ടി. അപൂര്‍വ്വ സ്‌നേഹത്തിന്റെ അടയാളമാകുന്നതെങ്ങിനെ..?

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സ്‌നേഹ ബന്ധത്തിന്റെ അടയാളമായി മാറുകയാണ് ഇഷയെന്ന പാവക്കുട്ടി

നവാസ് പടുവിങ്ങൽ

കൊടുങ്ങല്ലൂർ: അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സ്നേഹ ബന്ധത്തിന്റെ അടയാളമായി മാറുകയാണ് ഇഷയെന്ന പാവക്കുട്ടി. ഇരിങ്ങാലക്കുട സ്വദേശി കല്ലട സജീവന്റെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു

ടെമ്പിൾ ഡോഗ് എന്നറിയപ്പെടുന്ന ഷിറ്റ്സു ഇനത്തിൽ പെട്ട കേരളത്തിലെ ആദ്യ വളർത്തുനായയായ ഇഷ.

 തന്റെ പതിനാലാം വയസ്സിലാണ് ഇഷ  ജീവൻ വെടിഞ്ഞത്.തുടർന്ന് ഇഷയുടെ ഉടമ  സജീവൻ അപൂർവ്വമായൊരു ആവശ്യവുമായി  ശിൽപിയായ ഡാവിൻചി സുരേഷിനെ സമീപിക്കുകയായിരുന്നു. ഇഷയെന്ന  നായയുടെ തനിപ്പകർപ്പുണ്ടാക്കണമെന്നതായിരുന്നു ആവശ്യം.

ഒരു കുടുംബാംഗത്തെയെന്നവണ്ണം ഇഷയെ വളർത്തിയ സജീവൻ ഇഷ മരിച്ചതിനെ അവളെ മനുഷ്യനെയെന്ന പോലെയാണ് വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്. മരണം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഇഷയുടെ അസാന്നിധ്യം സജീവന്റെ കുടുംബത്തിന് താങ്ങാനാകാതെ വന്നതിനെ തുടർന്നാണ് ഇവർ ഇഷയുടെ പാവയെ ഉണ്ടാക്കാൻ തീരുമാനിച്ചത്.

ഭാര്യ ശാലിനിയും, പത്തു വയസ്സുകാരി മകൾ വൈഗയുമടങ്ങുന്ന കുടുംബത്തിലേക്ക് ഇഷയുടെ പകർപ്പ് എത്തുമ്പോൾ അണുവിട വ്യത്യാസമില്ലാത്ത പാവക്കുട്ടിയെ കണ്ട് അത്ഭുതം കൂറുകയാണവർ.

ആയിരക്കണക്കിന് ശിൽപങ്ങൾ തയ്യാറാക്കിയിട്ടുള്ള ഡാവിൻചി സുരേഷിനെ സംബന്ധിച്ചിടത്തോളം ഇഷ ഒരു വെല്ലുവിളിയായിരുന്നു.

ഏതെങ്കിലുമൊരു നായക്കുട്ടിയെയല്ല നിർമ്മിക്കേണ്ടിയിരുന്നത്.

സജീവനും കുടുംബവും ഓമനിച്ചു വളർത്തിയ സാക്ഷാൽ ഇഷയെ പുനർനിർമ്മിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തിലാണ് സുരേഷ്

വൈഗ ജനിക്കുന്നതിന് നാല് വർഷം മുൻപ് കല്ലട വീട്ടിലെത്തിയ ഇഷ വീട്ടിലെന്നല്ല യാത്രകളിലും സന്തത സഹചാരിയായിരുന്നു.

ടിബറ്റിലെ ക്ഷേത്രങ്ങളിൽ വളരുന്ന ഷിറ്റ്സു ഇനത്തിൽ പെട്ട ഇഷയെ നന്നേ ചെറുപ്പത്തിൽ ബാംഗ്ലൂരിലെ കെന്നൽ ക്ലബ്ബ് വഴിയാണ് സജീവൻ സ്വന്തമാക്കിയത്.

പതിനാല് വയസ്സിനിടയിൽ രണ്ട് ഓപ്പറേഷനുകൾക്ക് ഇഷ വിധേയയായി.

മൂന്ന് വർഷം മുൻപ് വൃക്കയിലെ കല്ല് നീക്കം ചെയ്യാനും, മറ്റൊരിക്കൽ കണ്ണിനുമാണ് ശസ്ത്രക്രിയ നടത്തിയത്.

ഒരു വളർത്തുമൃഗമെന്നതിനേക്കാൾ കുടുംബാംഗമായി വളർന്ന ഇഷ കല്ലട വീട്ടിൽ പുതിയ രൂപത്തിൽ മടങ്ങിയെത്തുമ്പോൾ അത് മരിച്ചാലും മായാത്ത സ്നേഹത്തിന്റെ കഥയായ് മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *