Your SEO optimized title

ഹോസ്റ്റല്‍,സമയ നിയന്ത്രണത്തില്‍ ലിംഗസമത്വം വേണം. വിദ്യാര്‍ഥിനികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.

ഹാസ്റ്റലുകളിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും രാത്രിയില്‍ പുറത്തിറങ്ങി സിനിമാ കാണുന്നതും നിരോധിച്ചുള്ള ഹോസ്റ്റല്‍ നടപടിക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.

തൃശ്ശൂര്‍: ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരേയുള്ള ഹൈക്കോടതിവിധി പാലിക്കണമെന്നാവശ്യപ്പെട്ട് ശ്രീകേരളവര്‍മ കോളേജില്‍ വിദ്യാര്‍ഥിനികളുടെ രാത്രിസമരം.കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉറപ്പുകള്‍ കോളേജ് അധികൃതരില്‍നിന്നു ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്. ബുധനാഴ്ച രാത്രിയിലും വിദ്യാര്‍ഥിനികള്‍ സമരം നടത്തിയിരുന്നു. വ്യാഴാഴ്ച തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണ് ഈ സമരം അവസാനിപ്പിച്ചത്. ഇതുലംഘിച്ചതോടെയാണ് വിദ്യാര്‍ഥിനികള്‍ വ്യാഴാഴ്ച രാത്രിയും സമരത്തിനിറങ്ങിയത്.വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് ഗേറ്റിനുമുന്നില്‍ പ്രതിഷേധം തുടങ്ങിയത്. അമ്പതോളം വിദ്യാര്‍ഥിനികളാണ് സമരത്തില്‍ പങ്കെടുത്തത്. പ്രശ്‌നം വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം.ഹോസ്റ്റലിന്റെ ഗേറ്റ് ചാടിക്കടന്നാണ് ഇവര്‍ കോളേജിന്റെ പ്രധാനകവാടത്തിനു മുന്നിലെത്തി പ്രതിഷേധിച്ചത്. കോടതിവിധി നടപ്പാക്കാമെന്ന ഉറപ്പിനെത്തുടര്‍ന്ന് രാത്രി 11.30-ഓടെ സമരം അവസാനിപ്പിച്ചു.


രക്ഷാകര്‍ത്തൃയോഗത്തിനുശേഷമേ ഹോസ്റ്റലിലെ സമയനിയന്ത്രണകാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂവെന്ന് ശ്രീ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ. കൃഷ്ണകുമാരി അറിയിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജയുമായി കോളേജ് അധികൃതര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. രക്ഷാകര്‍ത്താക്കളെത്തി അവരുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷം തീരുമാനം എടുക്കാം എന്ന അഭിപ്രായമാണ് കോളേജ് അധികൃതര്‍ക്കുള്ളത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ രക്ഷാകര്‍ത്തൃയോഗം ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.വൈകീട്ട് ആറുമണിവരെയാണ് നിലവില് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം. ഇരുനൂറിലധികം വിദ്യാര്‍ഥിനികള്‍ ഹോസ്റ്റിലില്‍ താമസിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടേതിനു തുല്യമായ അവകാശത്തിന് അര്‍ഹരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരേ രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഹോസ്റ്റലുകളിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും രാത്രിയില്‍ പുറത്തിറങ്ങി സിനിമാ കാണുന്നതും നിരോധിച്ചുള്ള ഹോസ്റ്റല്‍ നടപടിക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.

Leave a Reply

%d bloggers like this: