തെരഞ്ഞെടുപ്പ് പോളിങ് സ്റ്റേഷനുകളില്‍ മൂന്ന് നിര; ശാരീരിക വൈകല്യമുള്ളവര്‍ക്ക് വാഹനം.

ഒന്ന് പുരുഷന്‍മാര്‍ക്കും ഒന്ന് സ്ത്രീകള്‍ക്കും ഒന്ന് മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക വൈകല്യമുള്ളവര്‍ക്ക്.

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോളിങ് സ്‌റ്റേഷനുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. ഇത്തവണ പോളിങ് സ്‌റ്റേഷനുകളില്‍ മൂന്ന് നിര ഉണ്ടായിരിക്കും. ഒന്ന് പുരുഷന്‍മാര്‍ക്കും ഒന്ന് സ്ത്രീകള്‍ക്കും ഒന്ന് മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കുമായിരിക്കും. ശാരീരിക വൈകല്യം ബാധിച്ചവരെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ശാരീരിക വൈകല്യം ഉള്ളവര്‍ക്കായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും റാമ്പ് ഉറപ്പുവരുത്തും. സ്ഥിരം റാമ്പ് ഇല്ലാത്തിടത്ത് താല്‍ക്കാലിക റാമ്പ് ഒരുക്കും. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കും. നിരയില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് വെള്ളം നല്‍കാന്‍ ഒരു ജീവനക്കാരനെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. പോളിങ് സ്‌റ്റേഷനില്‍ ആവശ്യമായ ഫര്‍ണിച്ചറുകള്‍ ഉറപ്പുവരുത്തും. അത്യാഹിത സാഹചര്യത്തില്‍ ഉപയോഗിക്കാനായി മരുന്നും ബാന്‍ഡേജും മറ്റ് അവശ്യ സാമഗ്രികളും ഉള്ള മെഡിക്കല്‍ കിറ്റ് ഉണ്ടായിരിക്കും.


വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ മതിയാംവിധം വെളിച്ചമുണ്ടായിരിക്കണം. പോളിങ് സ്‌റ്റേഷനില്‍ വൈദ്യുതി ഉറപ്പാക്കണം. വൈദ്യുതി ഇല്ലെങ്കില്‍ ജനറേറ്റര്‍ ഉണ്ടായിരിക്കണം. കൂടുതല്‍ ബൂത്തുകള്‍ ഉള്ള പോളിങ് സ്‌റ്റേഷനുകളില്‍ ബൂത്ത് ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിപ്പിക്കണം. വോട്ടര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും വോട്ടര്‍ സ്ലിപ്പ് നല്‍കാനും ബൂത്ത് തിരിച്ചറിയാന്‍ സഹായിക്കാനുമാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. പോളിങ് സ്‌റ്റേഷനില്‍ ലഭ്യമായ സൗകര്യങ്ങള്‍, ബൂത്തുകളുടെ കിടപ്പ് എന്നിവ സംബന്ധിച്ച വിവരം നല്‍കുന്നതിന് ദിശാസൂചകങ്ങള്‍ സ്ഥാപിക്കണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ടോയ്‌ലെറ്റുകള്‍ ഉണ്ടായിരിക്കണം. ഇത് ശുചിയായി നിലനിര്‍ത്താന്‍ ഒരാളെ നിയമിക്കണം. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ശാരീരിക വൈകല്യമുള്ളവര്‍, വോട്ടര്‍മാരുടെ കൂടെ വരുന്ന കുട്ടികള്‍ എന്നിവര്‍ക്കായി തണലിടം ഒരുക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും നിര്‍ദേശിക്കുന്നു.
വോട്ടര്‍മാരുടെ നിരകള്‍ നിയന്ത്രിക്കാന്‍ എന്‍.സി.സി കേഡറ്റുകള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സ്‌കൗട്ടുകള്‍, ഗൈഡുകള്‍ എന്നിവരെ വളണ്ടിയര്‍മാരായി നിയമിക്കണം. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാരെ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കാനും വളണ്ടിയര്‍മാര്‍ സഹായം നല്‍കും. ഇവര്‍ക്ക് പോളിങ് സ്റ്റേഷനുള്ളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കും. പോളിങ് ദിവസം വളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം നല്‍കും. പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ ഒപ്പമെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ക്രഷ് ഉണ്ടായിരിക്കും. കുട്ടികളെ നോക്കാന്‍ പരിശീലനം ലഭിച്ചവരെ നിയമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Leave a Reply

%d bloggers like this: