Your SEO optimized title

നാമനിര്‍ദേശ പത്രിക നാളെ മുതല്‍സമര്‍പ്പിക്കാം.


ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം. തൃശൂര്‍ മണ്ഡലത്തിലേക്കുളള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ വരണാധികാരിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വീകരിക്കും. പൊതു അവധി ഒഴികെ ദിവസവും രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ പത്രിക സമര്‍പ്പിക്കാം. പത്രിക സ്വീകരിക്കുന്നതിനായി സഹവരണാധികാരിയായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11 മണിക്ക് നടത്തും. ഏപ്രില്‍ എട്ട് വൈകീട്ട് മൂന്നു മണി വരെ പത്രിക പിന്‍വലിക്കാവുന്നതാണ്. നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ വരണാധികാരിയുടെ ഓഫീസില്‍നിന്ന് ലഭിക്കും.
പത്രിക സമര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പു തന്നെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു. തെരഞ്ഞെടുപ്പ് ചെലവ് ഈ അക്കൗണ്ടിലൂടെ മാത്രം നടത്തേണ്ടതാണ്. പ്രസ്തുത ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് വരണാധികാരിയെ അറിയിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറായ തൃശൂര്‍ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണര്‍ മുമ്പാകെ നിയമാനുസൃതം സമര്‍പ്പിക്കേണ്ടതാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.
പത്രികാ സമര്‍പ്പണത്തിനായി വരണാധികാരി മുമ്പാകെ സ്ഥാനാര്‍ഥിയടക്കം അഞ്ചു പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പത്രികാ സമര്‍പ്പണത്തിനായി എത്തുന്ന സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശനമുള്ളൂവെന്നും അറിയിച്ചു.

Leave a Reply

%d bloggers like this: