Your SEO optimized title

നാരായണേട്ടന്‍ നാടകക്കാരനല്ല,കമ്മ്യൂണിസ്റ്റാണ്.

ഉമ്മര്‍ കരിക്കാട്‌.

കമ്മ്യൂണിസ്റ്റ് എന്നാല്‍ തന്നെക്കാള്‍ മറ്റുള്ളവരെ പ്രണിയിക്കുന്നവനും, പരിചരിക്കുന്നവനുമത്രെ..!

കുന്നംകുളം: അത്രപുള്ളി നാരായണേട്ടന്‍ എന്ന ഈ കൊച്ചു മനുഷ്യന്‍ നടനോ, എഴുത്തുകരനോ, സംവിധായകനോ അല്ല. എന്നാലും ഇന്ന് മലയാളം അറിയപെടുന്നനാടകപ്രവര്‍ത്തകനായിമാറിയത് നാടകം എന്ന കലാരൂപത്തോടുള്ള അടങ്ങാത്ത പ്രണയമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണം എന്ന ചോദ്യത്തിന് ചൂണ്ടികാട്ടാവുന്ന ഉദാഹരണം കൂടിയാണ് ഈ നാടകക്കാരന്‍.
രാജ്യം മുഴുവന്‍ നാടകങ്ങളുമായി ഓടി നടക്കുന്ന കുന്നംകുളത്തിനടുത്തെ ഞമനങ്ങാടുള്ള തിയറ്റര്‍ വില്ലേജിന്റെ ജീവനാടിയാണ് നാരായണേട്ടന്‍. യുവാക്കളെ കൂട്ടിപിടിച്ച് വീട്ടുമുറ്റങ്ങളില്‍ പരിശീലനവും, അവതരണവും നത്തി അതുവഴി നാടക ലോകത്തേക്കും. പ്രേക്ഷക ഹൃദയങ്ങളിലേക്കും പതിയെ നടന്നുകയറിയ നാരായണേട്ടന്്ഗ്രാമീണ നാടകവേദിക്ക്‌നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ ബീക്കാനിയര്‍ നാടകപുരസക്കാരം നല്‍കി ആദരിച്ചു.
രാജസ്ഥാനില്‍ നടന്ന ബീക്കാനിയര്‍ നാടകോത്സവത്തില്‍ വെച്ചായിരുന്നു ആദരവ്.


ഞമനേങ്കാട് നാടകത്തിന്റെ മണ്ണാണ്. പണ്ടു മുതലേ നാടകങ്ങളില്ലാത്ത രാവുകള്‍ ഞമനേങ്കാടിന് അന്യമായിരുന്നു.പിന്നീടെന്നോ ഞമനങ്കാട്ടെ നാടകരാവുകള്‍ അസ്തമിച്ചത് നാടകപ്രവര്‍ത്തകരായ യുവത്വത്തിന്റെ പോക്കറ്റുകള്‍ കനം കുറഞ്ഞു തുടങ്ങിയതോടെയാണ്. പണ്ടെങ്ങോ മദിരാശിയിലേക്ക് ബേക്കറി ജോലിക്ക് പോയ നാരായണട്ടന്‍ പോയ കാലത്തിന്റെ നാടക രാവുകള്‍ തിരിച്ചുപിടിക്കാനെന്നോണം അഞ്ഞൂരങ്ങാടിയില്‍ വണ്ടിയിറങ്ങിയതോടെ ഞമനേങ്കാട്ടെ നാടക സ്വപനങ്ങള്‍ക്ക വീണ്ടും ചിറക് മുളച്ച് തുടങ്ങി.
വായന ശീലമുള്ള നാരായണന്‍ പത്രം വാങ്ങുന്ന കടക്കാരന്‍ വായിക്കാന്‍ നല്‍കിയ എ കെ ജിയുടെ ആത്മകഥയാണ് മദിരാശിയില്‍ വെച്ച് തന്റെ ജീവിതത്തിന് പുനര്‍ ചിന്തനം നല്‍കിയതെന്ന് നാരായണേട്ടന്‍ പറയുന്നു.

തനിക്ക് തന്നോട് മാത്രമല്ല സമൂഹത്തോടും ചില കടപാടുകളുണ്ടെന്ന ചിന്തയാണ് അഞ്ഞൂര്‍ കവലയിലേക്ക് തിരിച്ചെത്തിച്ചത്. ഈ വായനകള്‍ പിന്നീട് രാഷ്ട്ട്രീയ മേഖലയിലേക്കും എത്തിച്ചു. രണ്ട് തവണ പഞ്ചായത്തംഗമായി.അന്ന് ജീവിക്കാന്‍ വീടിനോട് ചേര്‍ന്ന് ആരംഭി്ച്ച സോഡാകമ്പനി തന്നെയാ ണ് ഇന്നത്തെയും ജീവിത മാര്‍ഗ്ഗം. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ സാംബശിവന്റെ കഥാപ്രസംഗങ്ങള്‍ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം നാരായണേട്ടനായിരുന്നു. ഇതാണ് നാടകത്തിലേക്ക് വഴി തിരിച്ചുവിട്ടത്.
യുവാക്കളെ സംഘടിപ്പിച്ച് ആരംഭിച്ച തിയറ്റര്‍ വില്ലേജ് കേരള കലാസാംസക്കാരി വേദിയില്‍ ഇടം നേടികഴിഞ്ഞു. തിയറ്റര്‍ വില്ലേജിന്റെ ഞായറാഴ്ച എന്നനാടകം 2014 ല്‍ കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് നേടി. മികച്ചനാടകം. സംവിധായകന്‍, നടി എന്നീ പുരസക്കാരങ്ങള്‍ ഞായറാഴ്ച നേടി.
നിരവധി ദേശീയ അന്തര്‍ദേശീയ നാടകവേദികളിലും ഈ നാടകംഅവതരിപ്പിച്ചു. പുതിയ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളിലെ നാടക പ്രവര്‍ത്തകരെ തിയറ്റര്‍വില്ലേജിലെത്തിക്കാനും ഈ കൂട്ടത്തിന് സാധിച്ചു. അവരുടെ നാടകങ്ങള്‍ കാഴ്ചക്കാര്‍ക്ക് കാണാനുള്ള അവസരവും സൃഷ്ടിച്ചു.

പ്രശസ്ഥ ബംഗാളി നാടക സംവിധായകനായപ്രഭീര് ഗുഹയും സംഘവുമാണ് അവസാനമായി തിയറ്റര്‍ വില്ലേജിലെത്തിയ നാടകപ്രവര്‍ത്തകന്‍. ഗുഹയുടെ ഏറ്റവും പുതയ നാടകവും വില്ലേജില്‍ കളിച്ചു.
ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളേയും പരിസ്ഥിതി പ്രവര്‍ത്തകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രീന്‍ വില്ലേജ് എന്ന ആശയത്തിലാണ് ഇപ്പോള്‍ തിയറ്റര്‍ വില്ലേജ്. നാടക വിദ്യാലയം എന്ന പേരില്‍ കുട്ടികള്‍ക്ക് നാടക പരിശീലനവും നല്‍കുന്നുണ്ട്. കേരളത്തിനികത്തും പുറത്തും നിന്നുമായി നിരവധി കലാ ആസ്വദകരുടെ ഇടതാവളമായി തിയറ്റര്‍ വില്ലേജ് മാറിയതോടെ നാടകത്തിന്റെ പുതിയ നിറഭേതങ്ങള്‍ ഈ കൊച്ചു ഗ്രാമത്തിലേത്തിക്കാനായി എന്നതും തിയറ്റര്‍ വില്ലേജിന്‍െയും, നാരായണേട്ടന്റെയുംപ്രയത്‌നഫലമാവുകയാണ്. ലോക നാടക ദിനമായി ബുധനാഴ്ച നാടകത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിലേക്കു കൂടി ഈഗ്രാമം ഒന്നിക്കുകയാണ്.

നാരായണേട്ടന്‍ നാടകക്കാരന്‍ എന്നതിനപ്പുറം ഒരു കമ്മ്യൂണിസ്റ്റ് എന്ന് പറയാനാണിഷ്ടം. കമ്മ്യൂണിസ്റ്റ് എന്നാല്‍ തന്നെക്കാള്‍ മറ്റുള്ളവരെ പ്രണിയിക്കുന്നവനും, പരിചരിക്കുന്നവനുമത്രെ.

Leave a Reply

%d bloggers like this: