കുന്നംകുളത്തിന് ആവേശമായി സരസ് മേള നാളെ

കുടുംബശ്രീയും സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനും സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള കുന്നംകുളം ചെറുവത്തൂര്‍ മൈതാനിയില്‍ നാളെ ആരംഭിക്കും. 11 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള 250 പ്രദര്‍ശന സ്റ്റാളുകളുണ്ടാകും. സംസ്ഥാനങ്ങളുടെ പരമ്പരാഗത പ്രാദേശിക ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, തനത് സംരംഭക പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് സ്റ്റാളുകള്‍ എന്നിവയ്ക്കു പുറമേ 19 സംസ്ഥാനങ്ങളുടെ വൈവിധ്യ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനുള്ള കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍ട്ടും സരസ് മേളയിലെ മുഖ്യാകര്‍ഷണങ്ങളാണ്.


കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 25 സ്റ്റാളുകള്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് മാത്രമായി സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനിതാ സംരംഭകരാണ് തനതായ ഗ്രാമീണ രുചി മേളയില്‍ ഒരുക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മേളയിലുണ്ടാവും. രാജ്യത്തെ 300 ഓളം വീട്ടമ്മമാരാണ് ആയിരത്തോളം വിഭവങ്ങളുമായി സരസ് മേളയിലെത്തുന്നത്. കേരളീയ ഭക്ഷണവും കേരളത്തിലെ വനവിഭവങ്ങളും ഫുഡ്കോര്‍ട്ടിലുണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെ ആനുകാലിക വിഷയങ്ങളിലുള്ള സെമിനാറുകള്‍ നടക്കും. വൈകീട്ട് 3 മുതല്‍ 6 വരെ കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തിയ ഫെസ്റ്റുകളില്‍ വിജയികളായവര്‍ അവതരിപ്പിക്കുന്ന ട്രൈബല്‍ ഫെസ്റ്റ്, ബഡ്സ് ഫെസ്റ്റ്, ട്രാന്‍സ്ജെന്‍ഡേഴ്സ് ഫെസ്റ്റ്, സി ഡി എസിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന സരസ് മേള ഏപ്രില്‍ ഏഴിന് സമാപിക്കും.

Leave a Reply

%d bloggers like this: