Your SEO optimized title

കുടിവെള്ളം-കൗണ്‍സില്‍ യോഗത്തില്‍ വാക്ക് പോര്

ഗുരുവായൂര്‍ : കുടിവെള്ള വിതരണത്തെചൊല്ലി ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്ക് പോര്. നഗരസഭയുടെ അമ്പാടി ഡോര്‍മിറ്ററി കരാറുകാരന് പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപോക്ക് നടത്തി. നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗമാണ് ബഹളത്തിലും പ്രതിപക്ഷ ഇറങ്ങിപോക്കിലും കലാശിച്ചത്. വേനല്‍ രൂക്ഷമാകുമ്പോള്‍ മാത്രമാണ് കുടിവെള്ള വിതരണത്തെകുറിച്ച് നഗരസഭ ആലോചിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒട്ടുമിക്ക വാര്‍ഡുകളിലും പേരിന് മാത്രം കുടിവെള്ളം ലഭിക്കുന്നുവെന്നും പ്രതിപക്ഷം പരാതിപ്പെട്ടു. കുടിവെള്ള വിതരണത്തില്‍ നഗരസഭയുടേത് തികഞ്ഞ പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ ആന്റോ തോമസ് ഒഴിഞ്ഞ കുടമായാണ് കൗണ്‍സിലിലെത്തിയത്. ഇതിനെ പ്രതിപക്ഷം എതിര്‍ത്തതോടെ ആന്റോ തോമസ് കുടം ചെയര്‍പേഴ്സന്റെ ഡയസിന് മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ കുടിവെള്ള വിതരണത്തി്ല്‍ കാര്യക്ഷമമായ നിലപാട് സ്വീകരിച്ച ഏക നഗരസഭയാണ് ഗുരുവായൂരെന്ന് ഭരണപക്ഷം വാദിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ കൂടുതല്‍ ടാങ്കുകള്‍ സ്ഥാപിക്കാനും വിതരണത്തിന് കൂടുതല്‍ വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. കരുവന്നൂര്‍ കുടിവെള്ള പദ്ധതിയില്‍ രണ്ട് നേരം വിതരണം ചെയ്യുന്ന വെള്ളത്തിന്റെ സമയപരിധി മൂന്ന് നേരത്തേക്ക് നീട്ടാനും തീരുമാനമായി. കിഴക്കേനടയിലെ നഗരസഭയുടെ അമ്പാടി ഡോര്‍മിറ്ററി കരാറുകാരന് റീടെണ്ടര്‍ നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പടിഞ്ഞാറെനടയിലെ ഗസ്റ്റ്ഹൗസ് വര്‍ഷങ്ങളായി ഒരേ കരാറുകാരന് തന്നെ നീട്ടില്‍ നല്‍കിയിരുന്നത് നഗരസഭക്ക് വന്‍ സാമ്പത്തിക നഷ്ടം ഇടയാക്കിയിരുന്നുവെന്നും അത് അമ്പാടി ഡോര്‍മിറ്ററിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ടെണ്ടര്‍ നടപടികളില്‍ കാലാനുസൃതമായ നിരക്ക് വര്‍ദ്ധനവ് വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 20 ശതമാനം നിരക്ക് കൂട്ടി അതേ കരാറുകാരനോട് തുടരാന്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപോകുകയായിരുന്നു. രണ്ട് ചേരിയിലായ പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒറ്റകെട്ടായാണ് ഇറങ്ങി പോക്ക് നടത്തിയത്. എന്നാല്‍ വിപ്പ് ലംഘിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ടി.കെ.വിനോദ് കുമാര്‍, ഡി.സി.സി പ്രസിഡന്റിന്റെ കോലം കത്തിച്ചതിന് സസ്പെന്‍ഡ് ചെയ്ത കൗണ്‍സിലര്‍ ബഷീര്‍ പൂക്കോട് എന്നിവര്‍ ഇറങ്ങിപോക്കില്‍ സഹകരിച്ചില്ല. പൊളിക്കാന്‍ പോകുന്ന കെട്ടിടമായതിനാലാണ് റീ ടെണ്ടര്‍ നല്‍കാതിരുന്നതെന്ന് ചെയര്‍പേഴ്സന്‍ വി.എസ് രേവതി പറഞ്ഞു.

Leave a Reply

%d bloggers like this: