Your SEO optimized title

നയന്‍താര-മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ബോളിവുഡിലേക്ക്; റീമേക്ക് ചെയ്യാനൊരുങ്ങുന്നത് ‘എ വെനസ്‌ഡേ’യുടെ സംവിധായകന്‍

നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എകെ സാജന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പുതിയ നിയമം’. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ വാസുകിയെന്ന നായികയായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും വേഷമിട്ടപ്പോള്‍ ചിത്രം ആ വര്‍ഷത്തെ ഹിറ്റുകളിലൊന്നായി മാറി. കാലിക പ്രസക്തിയുളള വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ത്രില്ലര്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ശക്തമായ സ്ത്രീ കഥാപാത്രത്തോടെ ഒരുക്കിയ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘എ വെനസ്‌ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ നീരജ് പാണ്ഡേയാണ് ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റിന്റെയും സംയുക്ത നിര്‍മ്മാണ കമ്പനിയായ ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രമൊരുക്കുന്നത്. ഫാമിലി ഡ്രാമയ്‌ക്കൊപ്പം സ്ത്രീ കഥാപാത്രത്തിന്റെ പ്രതികാരം കൂടി പറയുന്ന ചിത്രം പാണ്ഡേയ്ക്കിഷ്ടപ്പെട്ടെന്നും ബോളിവുഡിലെ മുന്‍നിര താരമായിരിക്കും നയന്‍താരയുടെ കഥാപാത്രമവതരിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

ബേബി, റസ്‌റ്റോം, എംസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് നീരജ് പാണ്ഡേ. വിജയ് സേതുപതിയും മാധവനുമൊന്നിച്ച ഹിറ്റ് ചിത്രമായ ‘വിക്രം വേദ’ പാണ്ഡേ റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാണ്ഡേയുടെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംവര്‍ക്ക്‌സ് ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു.

എകെ സാജന്‍ തന്നെ തിരക്കഥയൊരുക്കിയ പുതിയ നിയമത്തില്‍ നയന്‍താരയെത്തിയത് ഒരു കഥകളി കലാകാരിയായിട്ടിയിരുന്നു. എസ്എന്‍ സ്വാമി, അജു വര്‍ഗീസ്, ഷീലു എബ്രഹാം, രചന നാരായണന്‍ കുട്ടി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിയോ എബ്രഹാമും പി വേണുഗോപാലും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് ഗോപി സുന്ദറായിരുന്നു.

Leave a Reply

%d bloggers like this: