Your SEO optimized title

ദേശീയ സരസ് മേളയിൽ’പായസക്കൊതിയന്മാരേ ഇതിലേ കുന്നംകുളംവിളിക്കുന്നു

ഫാത്തിമ സുഹറ

‘പായസക്കൊതിയന്മാരേ ഇതിലേ’ കുന്നംകുളം വിളിക്കുന്നു.

തിരുവോണത്തിന്റന്ന് വാഴയിലയിൽ സാമ്പാറും അവിയലും കൂട്ടി ഒരൂണാണ്. അത് കഴിഞ്ഞ് അതേ ഇലയിൽ പായസം പപ്പടം കൂട്ടി ഒരു പിടിയും. ഓണ ഓർമ്മയിൽ മധുരമൂറുന്ന കൊതിപിടിപ്പിക്കുന്ന ഓർമ്മയാണ് പായസരുചി. സുനിതേച്ചിയും ഷീബേച്ചിയും സരസ് മേളയെ ഒന്നടങ്കം പഴയ ഓണപ്പായസ ഓർമ്മകളിലേക്ക് കൊണ്ട് പോകുവാണ്. ഇന്ത്യൻ രുചി ഒന്നടങ്കം സരസ് മേളയുടെ ഒരു കുടക്കീഴിൽ ഒരുമിക്കുമ്പോൾ വടക്കേന്ത്യൻ അതിഥികളെ പോലും കൊതിപ്പിക്കുന്ന മണത്താൽ കുന്നംകുളത്തെ പായസച്ചെമ്പിലേക്ക് ആനയിക്കുകയാണ് മദർകിച്ചൻ കഫെ യൂണിറ്റായ പായസ മേളക്കാർ.
അപ്പൊ പറഞ്ഞു വരുന്നത് സിക്കിംകാരും മണിപ്പൂർകാരും രാജസ്ഥാൻ പാർട്ടീസുമൊക്കെ മധുരം കൊണ്ടും, നമ്മടെ സ്വന്തം ബംഗാളി ബ്രോകൾ റോട്ടിൻ വക്കത്തു നിന്ന് നമ്മളെ കൊതിപ്പിക്കണ പാനിപുരി കൊണ്ടുമൊക്കെ സരസ് മേളയിൽ കൊതിയന്മാരെ വിളിച്ചടുപ്പിക്കുമ്പോ നമ്മടെ സ്വന്തം കുന്നംകുളത്തെ ചേച്ചിമാർ നാലു കൂട്ടം പായസം കൊണ്ട് കാണികളെ മൊത്തം ക്ഷണിക്കുകയാണ് .
പാലട പായസോം പഴപ്പായസോം സേമിയ, പരിപ്പ് പായസോം സരസ് മേളയിലെ മിന്നും താരങ്ങൾ തന്നാട്ടോ. വരുന്നോർക്കും പോണോർക്കും തിളങ്ങണ സ്റ്റീൽ ഗ്ലാസിൽ നിറയെ പുഞ്ചിരിച്ചോണ്ട് പായസം വിളമ്പി കൊടുക്കുമ്പോ വാങ്ങുന്നോരുടെ വായേല് കപ്പല് മുങ്ങാനുള്ള വെള്ളമാണ്. ഷീബേച്ചിയും സുനിതേച്ചിയും ഗ്ലാസ്സിലേക്ക് ഒഴിക്കണ ഓരോ തുള്ളി പായസോം ചുറ്റിലും കൂടി നിക്കണോരെ മൂക്കിലേക്ക് പാലിന്റെയും തേങ്ങായുടെയും നറുമണം വീശി കൊതിപ്പിക്കുകയാണ്.


വളരെ ലളിതമായി വെക്കാവുന്ന പായസങ്ങൾ തന്നെയാണ് സുനിതേച്ചിയുടെ സ്പെഷ്യൽ പായസങ്ങൾ. പാലടയും പാലും തേങ്ങ ചതച്ച് പാലെടുക്കാതെ ചേർത്ത് കൂട്ടിന് അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേർത്ത് ഇത്തിരി കുന്നംകുളം സ്നേഹവും ചേർത്ത് വേവിച്ചെടുക്കണ പാലടപ്പായസാണ് ആൾക്കാരെ വല്ലാണ്ട് മോഹിപ്പിക്കുന്നത്. കൂടെ കട്ടക്ക് പിടിച്ച് നിക്കാൻ സേമിയ അറഞ്ചം പുറഞ്ചം പൊടിച്ചിട്ടു കമ്പനിക്ക് പാലും അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെയിട്ട് മനോഹരമാക്കിയെടുത്ത നമ്മടെയൊക്കെ സ്വന്തം സേമിയപ്പായസവും ഉണ്ട് ട്ടോ. നന്നായി എണ്ണയിൽ വറുത്തെടുത്ത സേമിയ പാലിൽ തിളപ്പിച്ച് കുറുക്കിയെടുത്ത് ഏലക്കാപൊടിയും അണ്ടിപ്പരിപ്പുമൊക്കെയിട്ട് പായസച്ചെമ്പിൽ നിന്ന് ഇറക്കി വെക്കുമ്പോഴേക്കും സരസ് മേളക്കാരൊക്കെ പായസം വാങ്ങിക്കാൻ തയ്യാറായി നിക്കുകയാണ്. പായസം വേഗത്തിൽ അകത്താക്കാൻ വെപ്രാളപ്പെട്ട് കുടിക്കുമ്പോൾ കാച്ചിക്കുറുക്കിയ പായസം വായക്കിരുവശത്തൂടെയും ഒലിപ്പിക്കുന്ന കൊതിയന്മാരും കിട്ടുന്ന പായസം ഒരു തുള്ളി ഒഴിവാക്കാൻ നിക്കാതെ കൊതിയോടെ കുടിക്കണ വിരുതന്മാരും മേളയിൽ കുറവല്ല ട്ടോ. തിളച്ച പശുപ്പാലിൽ വേവിച്ച പഴം ചേർത്ത് ഏലക്കപ്പൊടിയൊക്കെ ചേർത്ത് തിളച്ചു വരുമ്പോൾ സുനിതേച്ചിടെ മുഖത്തും കൊതിയൂറുന്ന ഒരു പുഞ്ചിരി തെളിയുന്നുണ്ടേ. തൊട്ടപ്പുറത്ത് ഷീബേച്ചിയും കൂട്ടിന് സീനേച്ചിയും പരിപ്പ് പായസം ഒരു കൊതിയൻ ചെക്കന് ഗ്ലാസ്സിലൊഴിച്ചു കൊടുക്കുകയാണ്. പരിപ്പും പാലും അണ്ടിപ്പരിപ്പും ഏലക്കപ്പൊടിയുമൊക്കെയിട്ട് കുറുക്കിയെടുത്ത പരിപ്പുപായസം വരുന്ന കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ മധുരമത്ത് പിടിപ്പിക്കുകയാണ്. എല്ലാ പായസ കൊതിയന്മാരും വായിലും മനസ്സിലും നിറയെ പായസപ്പൂതിയും നിറച്ച് കുന്നംകുളം പായസ സ്റ്റാളിനു മുന്നിൽ തന്റെ പായസ ഗ്ലാസിനേയും കാത്ത് ക്ഷമയോടെ നിക്കണ കാഴ്ച കാണണേൽ വേഗം പൊന്നോളൂ ഇങ്ങു കുന്നംകുളത്തേക്ക്. ഇന്ത്യൻ രുചിയെ മൊത്തം നിങ്ങളുടെ പ്ലേറ്റിലേക്ക് വിളമ്പാൻ തയ്യാറായി നിക്കുന്ന അഞ്ചാമത് സരസ് മേളയിലേക്ക്. ഇവിടെ സുനിതേച്ചിയും ഷീബേച്ചിയും നിങ്ങളെയും കാത്ത് നാലു വ്യത്യസ്ത തരം പായസങ്ങളും കൊണ്ട് കാത്തു നിൽക്കുന്നുണ്ടേ.

Leave a Reply

%d bloggers like this: