ഇതാണ് കള്ളനും പൊലീസും കളി.

തളിപ്പറമ്പില്‍ തസ്‌ക്കരന്‍മാരെ പോലീസ് തപ്പി നടക്കുമ്പോള്‍ വീണ്ടും വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച.

അനില്‍ പുതിയവീട്ടില്‍.

കള്ളന്‍മാരേ കൊണ്ട് പൊറുതിമുട്ടി പൊലീസ്. പൊലീസ് ഇതിലേ പോകുമ്പോള്‍ കള്ളന്‍മാര്‍ അതിലെ.

തളിപ്പറമ്പ്: പോലീസിന്റെ മൂന്ന് സ്‌ക്വാഡുകള്‍ നഗരം അരിച്ചുപെറുക്കിക്കൊണ്ടിരിക്കെ വീണ്ടും കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച. ഇന്നലെ രാത്രി ഒന്‍പതരയോടെ പുഷ്പഗിരിയില്‍ ലയണ്‍സ് ക്ലബ്ബിന് സമീപത്താണ് സംഭവം. ലയണ്‍സ് ക്ലബ്ബില്‍ പൈതല്‍ പാരഡൈസ് റിസോര്‍ട്ടിന്റെ ഭരണസമിതി മീറ്റിങ്ങിനെത്തിയ തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ ശ്രീകണ്ഠാപുരം സ്വദേശി ജോജോ തോമസിന്റെ കെഎല്‍ 62 സി-8586 മാരുതി എര്‍ട്ടിഗ കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് മോഷ്ടാക്കള്‍ അടിച്ചുതകര്‍ത്ത് സീറ്റില്‍ വെച്ച ബാഗ് കവര്‍ച്ച ചെയ്തത്. ഭാര്യക്ക് നല്‍കാന്‍ വാങ്ങിയ ചുരിദാര്‍ മാത്രമേ ബാഗില്‍ ഉണ്ടായിരുന്നുള്ളൂ. മീറ്റിങ്ങ് കഴിഞ്ഞ് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനടുത്തെത്തിയപ്പോഴാണ് ചില്ല് തകര്‍ത്തത് കണ്ടത്.

വിവരമറിഞ്ഞ് തളിപ്പറമ്പ് സിഐ എ.അനില്‍കുമാര്‍, എസ്ഐ കെ.കെ.പ്രശോഭ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ മന്നയില്‍ വെച്ച് മുക്കുന്നിലെ ഷാഫിയുടെ എറ്റിയോസ് കാറിന്റെ ചില്ല് തകര്‍ക്കപ്പെട്ടിരുന്നു. മൂന്ന്മാസത്തിനുള്ളില്‍ നടക്കുന്ന ഇത്തരത്തിലുള്ള എട്ടാമത് സംഭവമാണിത്. പ്രതികളെ പിടികൂടുന്നതിന് തളിപ്പറമ്പ് ഡിവൈഎസ്പി എം.കൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് വീണ്ടും കവര്‍ച്ച നടന്നത്. കാര്‍ ഫോറന്‍സിക് പരിശോധനക്കായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

%d bloggers like this: