വാസന്തിക്ക് ശേഷം അന്ധഗായകരുടെ കഥയുമായി എത്തിയഓള്‍ഡ് ഈസ് ഗോള്‍ഡിന്. തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി

സിദ്ധീഖ് ലാല്‍ ടീം മലയാളത്തിന് പരിചയിപെടുത്തിയ സിറ്റിവേഷന്‍ ഹ്യൂമര്‍ ചിത്രത്തില്‍ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

മലയാളസിനിമയുടെ സാമ്പ്രദായിക രീതികളില്‍ നിന്നെല്ലാം മാറി നില്ക്കുന്ന തികച്ചും വ്യത്യസ്തമായ സിനിമ. അതാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്.
മലയാളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന, വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഒരു സിനിമ. തമാശകള്‍ നിറഞ്ഞ ഒരു പ്രണയ സിനിമ അതാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിനെ കുറിച്ച് ഒറ്റവാക്കിലുള്ള വിലയിരുത്തല്‍

അന്ധനായ ദേവന്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ബാന്റിലെ പ്രധാന ഗായകനാണ്. താനുള്‍പെടുന്ന ബാന്റിലെ പലരുടേയും ജീവിതം നിലനില്‍ക്കുന്നത് തന്റെ ശബ്ദം കാരണമാണെന്ന്് തിരിച്ചറിഞ്ഞ് വലിയ ഓഫറുകളെ പിന്‍തള്ളി സുഹൃത്തുക്കള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന ദേവന്‍ എന്ന കഥാപാത്രം സിനിമ കാണുന്ന ആര്‍ക്കും മറക്കാനാകില്ല. ദേവന്റെ ജീവിതത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രണയം തുറന്ന് പറയും മുന്‍പേ ആ പെണ്‍കുട്ടിയുടെ വിവാഹത്തിന് പാട്ടുപാടാനുള്ള വിധിയും ദേവനില്‍ തന്നെ എത്തുന്നു. തമാശയാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നതെങ്കിലും ജീവിത ഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കാഴ്ചക്കാരന്റെ കണ്ണ് നിറയിക്കും.

തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങള്‍.. അതിഭാവുകത്വം ഒട്ടും തോന്നാത്ത പച്ചയായ ജീവിതസന്ദര്‍ഭങ്ങള്‍.. പ്രധാന കഥാപാത്രങ്ങളായ ദേവന്റേയും, കല്യാണിയുടേയും ഒപ്പം നമ്മളും സഞ്ചരിക്കുന്നു. എന്നാല്‍ ഇവരില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു കഥയല്ല.. അയാളിലൂടെ , അയാളുടെ പാട്ടിലൂടെ മറ്റു പലരുടെയും ജീവിതവും ചിത്രം വരച്ചുകാട്ടുന്നു.
ധര്‍മജന്‍, പാഷാണം ഷാജി, നിര്‍മ്മല്‍. ദീപു. ഫൈസല്‍ റാസി,കോട്ടയംപ്രതീപ്, പൊന്നമ്മബാബു തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തീര്‍ത്തും അപ്രതീക്ഷതമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ഹാസ്യ സംഘം കാഴ്ചക്കാരെ പലപ്പോഴും മനസ്സ് തുടറന്ന് ചിരിപ്പിക്കാന്‍ പ്രേരിപ്പിക്കും. ചിത്രത്തിലെ ഗാനങ്ങളാണ് പ്രേക്ഷകരെ ആകര്‍ശിക്കുന്ന മറ്റൊരു ഘടകം. പേര് സൂചിപ്പിക്കും പോലെ 90 കളിലെ മനോഹര ഗാനങ്ങള്‍ തെല്ലും തനിമ ചോരാതെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കോളേജ് ലൈലയും, പൂങ്കാറ്റേ പോയി ചൊല്ലാമോ.. നീലാകാശ ചെരുവില്‍ തുടങ്ങിയ പല ഗാനങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പുട്ട് പാട്ടും, ഫ്‌ലാഷ്ബാക്കിലെ നാടന്‍ ഈരടികളും ഏറെ പ്രശംസനീയം തന്നെ.

സംവിധായകന്റെ സിനിമ തന്നെയാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയാം. –

പട്ടം പോലെയിലൂടെ മലയാളത്തിലെത്തിയ സെന്തിലിന്റെ ക്യാമറ മനോഹരമായ ദൃശ്യങ്ങള്‍ സമ്മാനിക്കുന്നു.

സിനിമയ്ക്ക് വേണ്ട കാര്യമായി മസാലകള്‍ ഒന്നും ചേര്‍ക്കാത്ത പച്ചയായ ജീവിതം കാണിച്ചു തരുന്ന ഒരു സിനിമ. പരീക്ഷയുടെ തിരക്കില്‍ ചിത്രങ്ങള്‍റിലീസ് ചെയ്യാന്‍ മടിക്കുന്ന സമയത്ത് സധൈര്യം തിയറ്ററിലെത്തിയ സിനിമ പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ശിക്കുന്നുണ്ട്.
അല്‍പനേരം ചിരിക്കാന്‍ മനസ്സുള്ളവര്‍ക്കും, പൂര്‍ണ്ണമായി എന്റര്‍ടെയന്‍മെന്റ് ആഗ്രഹിക്കുന്നവര്‍ക്കും ഈ സിനിമ നഷ്ടമാകില്ല. ചിത്രത്തിലെ പ്രണയം യുവത്വം ഏറ്റെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.
അടുത്ത് കാലത്ത് കണ്ട പ്രണയ ഹാസ്യ ചിത്രങ്ങളില്‍ മികച്ച സിനിമയായി തന്നെ ഓള്‍ഡ് ഈസ് ഗോള്‍ഡിനെ വിലയിരുത്താം.
കുംബസമേതം ധൈര്യമായി തിയറ്ററില്‍ പോയി കാണാവുന്ന ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്.

2 thoughts on “വാസന്തിക്ക് ശേഷം അന്ധഗായകരുടെ കഥയുമായി എത്തിയഓള്‍ഡ് ഈസ് ഗോള്‍ഡിന്. തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി

  1. ഓൾഡ് ഈസ് ഗോൾഡ്. ഉള്ളത് പറയാലോ, വല്ല്യ പ്രതീക്ഷയോടു കൂടിയൊന്നുമല്ല ജോസ് തിയ്യറ്ററിൽ ഓൾഡ് ഈസ് ഗോൾഡ് കാണുവാൻ ഫസ്റ്റ് ഷോയ്ക്ക് ചെന്നത്. ഇമ്മിണി സീറ്റിങ്ങ് കപ്പാസിറ്റി ഉള്ളതുകൊണ്ട് തിയ്യറ്ററിനകത്തും വല്യ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഗാന ഗന്ധർവ്വൻ ദാസേട്ടൻ മുതൽ കലാഭവൻ മണി ചേട്ടൻ വരെയുള്ളവരെ സ്ക്രീനിൽ കണ്ടപ്പോൾ മനസ്സിനൊരാശ്വസമായി. സ്വതവേ പൊട്ടിചിരിക്കാൻ മടിയുള്ള എനിക്ക് ധർമ്മജ ന്റെയും, പാഷാണം ഷാജിയുടെയും, നിർമ്മൽകുമാറിന്റെയും, പൊന്നമ്മചേച്ചിയുടെയും കോമഡി സീനുകൾ കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല. സിനിമയുടെ ആദ്യ പകുതി പെട്ടെന്ന് കഴിഞ്ഞതു പോലെ തോന്നി.നായകനും നായികയും ആടിത്തിമർക്കുകയും, ന്യൂ ജനറേഷനെ പിടിച്ചിരുത്താൻ ഇല്ലാത്ത സീനുകളുണ്ടാക്കി കടിച്ചു വലിപ്പിക്കുകയും ചെയ്യുന്ന പ്രണയരംഗങ്ങളാണ് ഏറെയും ഇപ്പോ കണ്ടു വരുന്നത് .എന്നാൽ അതിൽ നിന്നും വിത്യസ്തമായി ശുദ്ധ പ്രണയം ( സ്നേഹം എന്നു പറയുന്നതാകും ഉത്തമം) നമ്മുടെ നായികയിലൂടെയും നായകനിലൂടെയും കാണാൻ കഴിഞ്ഞതിലെ ആശ്വാസം പറയാതെ വയ്യ. കാഴ്ച ശക്തിയില്ലാത്ത കല്യാണിയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച നേഹയെ പ്രശംസിക്കാതെ വയ്യ. നമ്മുടെ മനസ്സിൽ ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം എപ്പോഴും നിറഞ്ഞു നിൽക്കും.. നായികയുടെ ശബ്ദവും എടുത്തു പറയേണ്ട ഒന്നാണ്. ‘ചിത്രത്തിലെ ‘ഒരു മഴയിൽ കരകവിയും പുഴയാണു ഞാൻ .. എന്നു തുടങ്ങുന്ന ഗാനം ഹിറ്റാകുമെന്ന് ഉറപ്പാണ്. ആദ്യ പകുതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി രണ്ടാം പകുതിയിൽ സീരിയസായി പോകുന്ന സിനിമ മികച്ച രംഗങ്ങളിലൂടെയും അർത്ഥവത്തായ സംഭാഷണത്തിലൂടെയും സ്നേഹത്തിന്റെ തീവ്രത നമ്മെ മനസ്സിലാക്കിതരുന്നുണ്ട്. അതു കൊണ്ടു തന്നെയാകാം ഇടയ്ക്ക് അറിയാതെ കണ്ണുകളിൽ ഒരു നനവ് പടർന്നത്.വൻ താരങ്ങളൊന്നും ഇല്ലാതെ പുതുമുഖങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി ഈ കുടുംബ ചിത്രം ഒരുക്കിയ സംവിധായകനെ അഭിനന്ദനന്ദിക്കാതെ വയ്യ.

  2. നല്ലൊരു കടുംബ ചിത്രം.നായകനും നായികയും കാഴ്ചയില്ലാത്തവർ.അവരുടെ തീവ്രമായ പ്രണയത്തിനു മുന്നിൽ നാം അറിയാതെ കൈ കൂപ്പി പോകും. അത്രക്കും ഹൃദയസ്പർശിയായാണ് ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങുമ്പോൾ കല്യാണി (നേഹ എന്ന പുതുമുഖം) എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരിക്കും.. :ഒരു പൊന്നു കുഞ്ഞു പെങ്ങളുടെ …..

Leave a Reply

Your email address will not be published. Required fields are marked *