Your SEO optimized title

ഗോപിയേട്ടന്റെ കൈത്താങ്ങില്‍ ചുള്ളിക്കോട് വീണ്ടും നൃത്തമാടി- മനം നിറഞ്ഞ്… മിഴി നിറഞ്ഞ്.

പ്രതീപ് നാരായണന്‍.

ശബ്ദവും ശരീരവും വീണ്ടെടുത്ത് ചുള്ളിക്കോടിനെ അരങ്ങിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍.


നാടക രചയിതാവായും, അഭിനേതാവായും, സംവിധായകനായും അരങ്ങിലും അണിയറയിലും നിറഞ്ഞു നിന്ന രാജന്‍ ചുള്ളിക്കോടിന്റെ ഓര്‍മ്മകളില്‍ നാടക രാവുകളും സദസ്സിന്റെ ആരവങ്ങളും നിറഞ്ഞു.
ആ ഓര്‍മ്മകള്‍ കണ്ണീരായി പെയ്തു നിന്നു.
കൂറ്റനാട് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന കുട്ടിനാരായണന്‍ സ്മാരക സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണ് വേറിട്ട സമാഗമത്തിന്റെ വേദിയായത്.
രാജന്‍ ചുള്ളിക്കോട് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തിലെ നടനായിരുന്നു ഗോപിനാഥ് പാലഞ്ചേരി. പാലഞ്ചേരിയുടെ നിര്‍ബന്ധത്തില്‍ നാടക രംഗത്ത് ഹരിശ്രീ എഴുതി നായിക വേഷത്തില്‍ പ്രസീന കൂറ്റനാട്.
ആദ്യ വേദി കോഴിക്കോട്.
ചുള്ളിക്കോടിന്റെ നാടകം നിരവധി സദസ്സുകള്‍ ഹര്‍ഷാരവത്തോടെ വരവേറ്റു.
നാടകാനുഭൂതിയുടെ ലഹരിക്കിടയിലും ഒട്ടേറെ ടെലിഫിലിമുകളും ഡോക്യുമെന്ററികളും ചുള്ളിക്കോടിന്റെ സംവിധാനത്തില്‍ പിറന്നു വീണു.
ഒരു വര്‍ഷം മുന്‍പുണ്ടായ മസ്തിഷ്‌കാഘാതത്തില്‍ ചുള്ളിക്കോടിന്റെ വലതുകൈകാലുകളുടെ ചലനശേഷിയും സംസാരശേഷിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
മരുന്നും ചികിത്സകളുമായി ജീവിതനാടകത്തില്‍ നീണ്ട ഒരു ഇടവേള….
ശയ്യാവലംബിയായി തളര്‍ന്നു കിടക്കുമ്പോഴും ചെവികളില്‍ നടകത്തട്ടിലെ കളിക്കുള്ള ബെല്‍ മുഴങ്ങിക്കൊണ്ടേ യിരുന്നു.
മനസ്സ് തന്റെ പ്രാണനായ നാടകത്തട്ടിലേക്ക് ഓടിയെത്താന്‍ വെമ്പല്‍ കൊണ്ടു.
ചികിത്സയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പിക്കു വേണ്ടിയാണ് രാജന്‍ ചുള്ളിക്കോട് സഹയാത്രയില്‍ എത്തുന്നത്.
ഇവിടുത്തെ ഭിന്നശേഷി ഡെ കെയറിന്റെ ചെയര്‍മാനാണ് നാടക-ടെലിഫിലിം കലാകാരനായ ഗോപിനാഥ് പാലഞ്ചേരി.
സഹയാത്രയുടെ ട്രഷറര്‍ ഒ.ഗോവിന്ദന്‍ കുട്ടിയുടെ വിവാഹ സത്കാരവും ഡെ കെയര്‍ ചുമതലയുള്ള ദിജിയുടെ ജന്മദിനവും ഒന്നിച്ച മുഹൂര്‍ത്തത്തിന് പൊലിമയേകാനാണ് പ്രസീന കൂറ്റനാടിന്റെ നേതൃത്വത്തില്‍ ഒരു കലാ സംഘം സഹയാത്രയിലെത്തുന്നത്.


താന്‍ ആദ്യമായി അഭിനയിച്ച പ്രൊഫഷണല്‍ നാടക സംവിധായകനെ ചേര്‍ത്ത പിടിച്ച് താങ്ങി നില്‍ക്കുന്ന നടന്‍.. പ്രസീനയുടെ കണ്ണുകള്‍ ഈറനണിഞ്ഞു…..
കണ്ടു നില്‍ക്കുന്നവരുടേയും.
35 വര്‍ഷത്തോളം നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഈ മനുഷ്യന് നാടകം ജീവിതം തന്നെയായിരുന്നു. ശരീരം തളര്‍ന്ന്, ശബ്ദം നഷ്ടപ്പെട്ട ചുള്ളിക്കോടിന്റെ മനസ്സ് നാടകത്തട്ടിന്റെ കര്‍ട്ടനുയര്‍ത്താനുള്ള ബെല്ലടി കേള്‍ക്കാനുള്ള വെമ്പലിലാണ്.
സ്പീച്ച് ,ഫിസിയോ തെറാപ്പി കളിലൂടെ ശബ്ദവും ശരീരവും വീണ്ടെടുത്ത് ചുള്ളിക്കോടിനെ അരങ്ങിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍.
ആയുഷ്മാന്‍ ഭവ: എന്ന ചുള്ളിക്കോടിന്റെ ആദ്യ നാടകത്തിന്റെ പേരിനെ അന്വര്‍ത്ഥകമാക്കും വിധം.

Leave a Reply

%d bloggers like this: