അയ്യന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ്.

പെരുമാറ്റചട്ടലംഘനത്തിന് ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്.

തൃശൂര്‍:ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശവും, ദൈവത്തിന്റെ പേരില്‍ വോട്ടുചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും, ലംഘിച്ച സംഭവത്തില്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി.
പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി. അനുപമ വിലയിരുത്തി.
48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കമണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ടു ചോദിക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമാണെന്നു കലക്ടറുടെ നോട്ടിസില്‍ പറയുന്നു.
പ്രത്യേകിച്ച്, ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കരുതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രസംഗത്തിന്റെ പൂര്‍ണ രൂപവും നോട്ടിസിലുണ്ട്.
തൃശൂരിലെ എന്‍ഡിഎ കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പരാമര്‍ശം. അയ്യന്‍ എന്ന വികാരം എന്നും മറ്റുമാണ് സുരേഷ് ഗോപി പ്രചരണ വേദിയില്‍ പരാമര്‍ശം നടത്തിയത്.
സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കും.
അതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണം.
നോട്ടിസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടദേവന്റെ പേരു പറയാന്‍ പാടില്ലെന്ന നിയമത്തെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

%d bloggers like this: