Your SEO optimized title

ചുട്ടുപൊള്ളുന്ന ചൂടിൽ പ്രാണന് വേണ്ടി മണിക്കൂറുകളോളം പിടഞ്ഞ ദേശാടനകൊക്ക് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി.

എന്നാൽ വളർത്തുമൃഗങ്ങളോ പക്ഷികളോ ആണെങ്കിൽ മാത്രമേ രക്ഷിക്കാനുള്ള ബാധ്യതയുള്ളുവെന്ന നിയമത്തിന്റെ നൂലാമാലകൾ നിരത്തി ഫയർഫോഴ്‌സ് തടിതപ്പി.

ഗുരുവായൂർ ക്ഷേത്രതിരുമുറ്റത്ത് ചുട്ടുപൊള്ളുന്ന ചൂടിൽ പ്രാണന് വേണ്ടി മണിക്കൂറുകളോളം പിടഞ്ഞ ദേശാടനകൊക്ക് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ദേവസ്വം നഗരസഭ അധികൃതരുടെ കാരുണ്യത്താൽ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ കൊക്കിന് ജീവൻ തിരിച്ചുകിട്ടി.

തെക്കേനടയിൽ ആനകളെ കെട്ടുന്ന ശീവേലിപറമ്പിലെ വലിയ തേക്ക് മരത്തിൽ തല കീഴായി കിടന്ന കാലിമുണ്ടി എന്ന കൊക്കാണ് വേദനാജരകമായ കാഴ്ചയായത്.
ഇര തേടി നടക്കുന്നതിനിടെ കൊക്കിന്റെ കാലിൽ കുടുങ്ങിയ പ്ലാസ്റ്റിക് ചരടാണ് വില്ലനായി മാറിയത്.
മരത്തിന് മുകളിലെത്തിയ കൊക്കിന്റെ കാലിലെ ചരട് മരകൊമ്പിൽ തടഞ്ഞതോടെ പറക്കാനാവാത്ത അവസ്ഥയായി.

ഇതോടെ കാക്കകൾ കൊക്കിന് ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി.
രാവിലെ പത്തോടെയാണ് ദാരുണമായ സംഭവത്തിന് തുടക്കം. ക്ഷേത്രദർശനത്തിനെത്തിയവർ വിവരം ദേവസ്വം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി.

കാക്കകൾ കൊക്കിനെ കൊത്തിവലിക്കാൻ തക്കമിട്ടെങ്കിലും ഭക്തരും ദേവസ്വം ജീവനക്കാരും അതിന് തടയിട്ടു.
20 അടിയോളം ഉയരമുള്ള മരത്തിൽ കയറി കൊക്കിനെ രക്ഷപ്പെടുത്തുക അപ്രായോഗികമായിരുന്നു.
മരണത്തോട് മല്ലിട്ട് പിടയുന്ന കൊക്കിനെ രക്ഷിക്കാനായി പലരും ഫയർഫോഴ്‌സിനോട് സഹായമഭ്യർത്ഥിച്ചു.

എന്നാൽ വളർത്തുമൃഗങ്ങളോ പക്ഷികളോ ആണെങ്കിൽ മാത്രമേ രക്ഷിക്കാനുള്ള ബാധ്യതയുള്ളുവെന്ന നിയമത്തിന്റെ നൂലാമാലകൾ നിരത്തി ഫയർഫോഴ്‌സ് തടിതപ്പി.
ഒടുവിൽ ദേവസ്വത്തിന്റെ വലിയ ലാഡർ ഉപയോഗിച്ച് കൊക്കിനെ രക്ഷപ്പെടുത്താനുള്ള നീക്കം ആരംഭിച്ചു.

ഇതിനിടയിൽ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് വിളിച്ചതനുസരിച്ച് ഫയർഫോഴ്‌സ് സ്ഥലതെത്തി. അപ്പോഴേക്കും നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരകായ കെ.സുജിത്. കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ സി.എൽ.ആർ ജീവനക്കാരൻ പി.കെ.പ്രകാശൻ ലാഡറിൽ കയറി കൊക്കിനെ രക്ഷപ്പെടുത്താൻ തീവ്രശ്രമം തുടങ്ങി.

ഒരു മണിയോടെ കൊക്കിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
മണിക്കൂറുകളോളം പ്ലാസ്റ്റിക് ചരടിൽ കുടുങ്ങി തല കീഴായി കിടന്നത് കാരണം ഒരു കാലിന്റെ എല്ല് ഒടിഞ്ഞ് തൂങ്ങി പറക്കാൻ കഴിയാത്ത നിലയിലായിരുന്നു.
പക്ഷിനിരീക്ഷകനും ദേവസ്വം ജീവനക്കാരനുമായ പി.പി.ശ്രീനിവാസന്റെ നേതൃത്വത്തിൽ നഗരസഭ വെറ്റിനറി ഡോക്ടർ കെ.വിവേക് പ്രാഥമിക ചികിത്സ നൽകി.
സാധാരണ കൊക്കുകളിൽ വിത്യസ്ഥമായി മത്സ്യങ്ങളെ ഭക്ഷിക്കാത്ത ഇനത്തിലുള്ള വെള്ളരി പക്ഷിയാണ് കാറ്റിൽ എഗ്രെറ്റ് എന്ന ശാസ്ത്രനാമത്തിലുള്ള കാലിമുണ്ടി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ കണ്ട് വരുന്ന ഇവ കേരളത്തിൽ കൂട്‌കെട്ടിപ്രജനനം നടത്താറില്ലെന്ന് പക്ഷി നിരീക്ഷകനായ ശ്രീനിവാസൻ പറഞ്ഞു. വരണ്ട പ്രദേശങ്ങളിലാണ് കാലിമുണ്ടി ഇര തേടാറ്.
കാലികൾ മേയുന്നതിന് സമീപം പുഴുക്കളേയും വിട്ടിലുകളേയുമാണ് ഇവ ഭക്ഷണമാക്കാറ്.
അതുകൊണ്ടാണ് ഇവക്ക് കാലുമുണ്ടി എന്ന പേര് വീണത്. അസുഖം ഭേദമാകുംവരെ ശ്രീനിവാസന്റെ നേതൃത്വത്തിൽ സ്വാഭാവികമായ ആവാസ വ്യവസ്ഥയിൽ സംരക്ഷണം നൽകിവരികയാണ്.
അസുഖം ഭേദമായാൽ പറത്തിവിടുമെന്നും ശ്രീനിവാസൻ പറഞ്ഞു

Leave a Reply

%d bloggers like this: