മദ്രാസ് ഹൈക്കോടതി വിധി മാനിച്ച് ദേശീയപാത സ്ഥലമെടുപ്പ് ഉപേക്ഷിക്കണം; ആക്ഷന്‍ കൗണ്‍സില്‍

ചാവക്കാട്: സേലം – ചെന്നൈ ദേശീയപാത ബി.ഒ.ടി പദ്ധതി റദ്ദ് ചെയ്ത മദ്രാസ് ഹൈക്കോടതി വിധി കണക്കിലെടുത്ത് കേരളത്തിലെ 45 മീറ്റര്‍ ദേശീയപാത പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
പാരിസ്ഥിതിക -സാമൂഹിക ആഘാത പഠനങ്ങളുടെയും വിശദ പദ്ധതി രേഖയുടെയും വ്യക്തമായ പുനരധിവാസ പാക്കേജിന്റെയും അഭാവം,
വന്‍തോതിലുള്ള കുടിയൊഴിപ്പിക്കല്‍ എന്നിവയാണ് വിജ്ഞാപനം റദ്ദ് ചെയ്യാന്‍ കോടതി കണ്ടെത്തിയ കാരണങ്ങള്‍.
ഭൂമി ഏറ്റെടുക്കാന്‍ ഇക്കാര്യങ്ങള്‍ പാലിക്കേണ്ടതില്ലെന്നും റോഡ് നിര്‍മ്മാണത്തിന് മാത്രമേ ആവശ്യമുള്ളൂ എന്നുമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാദത്തെ ‘കുതിരക്കു മുമ്പില്‍ വണ്ടിയെ കെട്ടുന്ന’ ഏര്‍പ്പാടാണ് ഇതൊന്നും അനുവദിക്കാനാവില്ലെന്നുമുള്ള രൂക്ഷഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.
ചരിത്രപ്രധാനമായ ഈ വിധി അംഗീകരിച്ച് കേരളത്തിലെ ദേശീയപാത പദ്ധതിക്കുവേണ്ടി പോലീസ് ബലപ്രയോഗത്തിലൂടെ പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെക്കണം.
ദേശീയപാത പദ്ധതിക്ക് പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങളും വിശദ പദ്ധതി റിപ്പോര്‍ട്ടും ആവശ്യമില്ലെന്ന കേരള സര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും നിലപാട് നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് കോടതിവിധി.

ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തി എലവേറ്റഡ് ഹൈവേ അടക്കമുള്ള ബദല്‍ സാധ്യതകള്‍ പരിഗണിക്കണം.

തമിഴ്‌നാട്ടിലെ ബി.ഒ.ടി പദ്ധതിക്കെതിരെ സമരം നയിച്ച സി.പി.ഐ.എം കേരളത്തില്‍ അതേ പദ്ധതിക്കുവേണ്ടി ജനങ്ങളെ ബലിയാടുകളാക്കി ഭൂമി പിടിച്ചെടുത്ത് നല്‍കുന്ന നടപടി ഇരട്ടത്താപ്പാണെന്നും യോഗം വിലയിരുത്തി.
ഉത്തര മേഖല ചെയര്‍മാന്‍ വി.സിദ്ധിഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ.ഹംസക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു.
ഉസ്മാന്‍ അണ്ടത്തോട്, വി. മായിന്‍കുട്ടി, എ. ഹുസൈന്‍ മാസ്റ്റര്‍, നസീം പുന്നയൂര്‍, അബ്ദുള്ള ഹാജി, വാക്കയില്‍ രാധാകൃഷ്ണന്‍, കാദര്‍ കാര്യാടത്ത്,
ഉമ്മര്‍ ഇ.എസ്, കമറു പട്ടാളം, വേലായുധന്‍ തിരുവത്ര, അബ്ദു തെരുവത്ത്, ടി.കെ.മുഹമ്മദാലി ഹാജി, കെ.എ.സുകുമാരന്‍, പി.കെ.നൂറുദ്ദീന്‍ ഹാജി, സെയ്താലിക്കുട്ടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: