Your SEO optimized title

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും വിഷു വിളക്കും തിങ്കളാഴ്ച.

2.30 മുതൽ 3.30 വരെയാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം.

ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനവും വിഷു വിളക്കും തിങ്കളാഴ്ച ആഘോഷിക്കും.
മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന്‌ശേഷം തീർത്ഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും.

2.30 മുതൽ 3.30 വരെയാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം.
ഞായറാഴ്ച രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കും.
ഓട്ടുരുളിയിൽ ഉണക്കലരി,പുതുവസ്ത്രം, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ. പുലർച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകൾ തെളിയിക്കും.

നാളികേരമുറിയിൽ നെയ് വിളക്ക് തെളിയിച്ചശേഷം മേൽശാന്തി ഗുരവായൂരപ്പനെ കണികാണിക്കും.
തുടർന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വർണ സിംഹാസനത്തിൽ ആലവട്ടം വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വയ്ക്കും.
സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കോപ്പുകളും ഉണ്ടാകും.
തുടർന്നാണ് ഭക്തർക്ക് കണി ദർശനം.വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക.

തിരക്ക് കണക്കിലെടുത്ത് ദർശനത്തിന് നിയന്ത്രണങ്ങളുണ്ടാകും. വിഷു ദിവസം ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വഴിപാടായി സമ്പൂർണ നെയ് വിളക്കോടുകൂടിയ വിഷു വിളക്കാണ്. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹൻന്റെ നേതൃത്വത്തിൽ മേളം അകമ്പടിയാവും.
രാത്രി വിളക്കെഴുന്നെള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക വാദ്യവാദ്യമാണ്. സന്ധ്യക്ക് കല്ലൂർ രാമൻകുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.

Leave a Reply

%d bloggers like this: