സദാചാരപൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍

വര്‍ക്കല: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ച്,

പണവും സ്വര്‍ണമാലയും മൊബൈല്‍ഫോണും കവര്‍ന്ന അഞ്ചംഗസംഘത്തിലെ നാലു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.

11ആം തിയ്യതി രാത്രി 12 മണിയോടെ ഇടവ ഓടയം അഞ്ചുമുക്കിലാണ് സംഭവം.

കൊട്ടാരക്കര പുത്തൂര്‍ തേവലപ്പുറം നന്ദനംവീട്ടില്‍ പ്രശാന്ത് (35) നെയാണ് മര്‍ദ്ദിച്ച് അവശനാക്കിയത്.
പ്രശാന്തിന്റെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ സ്വര്‍ണമാല,
15,000 രൂപ വിലയുളള മൊബൈല്‍ഫോണ്‍,
പെഴ്‌സിലുണ്ടായിരുന്ന 7500രൂപ എന്നിവയാണ് കവന്നത്.

പ്രതികളായ വര്‍ക്കല തിരുവമ്പാടി വാറില്‍വീട്ടില്‍ ജസ്മീര്‍ (20), കുരയ്ക്കണ്ണി അയിഷ ഭവനില്‍ ബസ്സം (20),
ഇടവ പുന്നകുളം ചരുവിള വീട്ടില്‍ ആഷിക് (20), കുരയ്ക്കണ്ണി തിരുവമ്പാടി ഇസ്മയില്‍ മന്‍സിലില്‍ ബദിന്‍ഷാ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബദിന്‍ഷാ 2013ല്‍ പാപനാശം കുന്നില്‍ നിന്നു തമിഴ്‌നാട് സ്വദേശിയെ തളളിയിട്ട് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ്.

കൊട്ടാരക്കര സ്വദേശിയായ പ്രശാന്ത് കെട്ടിടങ്ങളിലെ ചോര്‍ച്ച തടയുന്നതിനുളള വാട്ടര്‍ പ്രൂഫിംഗ് ജോലി കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്ന ആളാണ്.

ഒപ്പം ജോലി ചെയ്യുന്ന വര്‍ക്കല സ്വദേശി അലിയെ അന്വേഷിച്ചാണ് സംഭവദിവസം രാത്രി 12 മണിയോടെ കൊല്ലത്തു നിന്നു സ്‌കൂട്ടറില്‍ അഞ്ചുമുക്കിലെത്തിയത്.
അവിടെ റോഡ് വക്കില്‍ നിന്ന് സുഹൃത്തിന്

ഫോണ്‍ചെയ്യുന്നതിനിടയിലാണ് സംഘത്തിലെ രണ്ട്‌പേര്‍ കാറിലെത്തിയത്.
അവര്‍ ചാടിയിറങ്ങി അഞ്ചുമുക്കിലെത്തിയതിനെക്കുറിച്ച് ചോദിക്കുകയും ബലാല്‍ക്കാരമായി കാറില്‍ പിടിച്ചുകയറ്റി തിരുവമ്പാടിയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ വരികയും അവിടെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു.

ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മറ്റു മൂന്ന് പ്രതികളും സ്ഥലത്തെത്തി.
തുടര്‍ന്ന് പ്രശാന്തിനെ ഇരുമ്പ് പൈപ്പുകൊണ്ട് ശരീരമാസകലം മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ ഭീഷണിപ്പെടുത്തി മോഷണത്തിനായി എത്തിയതാണെന്നും അസാന്മാര്‍ഗിക പ്രവൃത്തിക്ക് വന്നതാണെന്നും മറ്റും പറയിപ്പിച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ റെക്കാഡ് ചെയ്തു.

സംഘത്തിലൊരാള്‍ പൊലീസുകാരനാണെന്നും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

മൂന്നര മണിക്കൂര്‍ നേരത്തെ ഭീകരമായ മര്‍ദ്ദനത്തെതുടര്‍ന്ന് പ്രശാന്ത് അര്‍ദ്ധ അബോധാവസ്ഥയിലായതോടെ പ്രതികള്‍ കടന്നുകളഞ്ഞു.

വീഡിയോ റെക്കാഡിംഗ് നടത്തിയ ദൃശ്യങ്ങള്‍ പിന്നീട് ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രതികള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ആളൊഴിഞ്ഞ പുരയിടത്തില്‍ അവശനായിക്കിടന്ന പ്രശാന്ത് പുലര്‍ച്ചെ 5 മണിയോടെ വര്‍ക്കല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പൊലീസ് പ്രശാന്തിനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഐ 20 വെളളക്കാറിലാണ് പ്രതികള്‍ എത്തിയതെന്ന് പ്രശാന്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
പ്രദേശത്തെ സിസി ടിവി കാമറകള്‍ പരിശോധിച്ച് ഈ കാര്‍ പൊലീസ് കണ്ടെത്തി

സംഭവത്തിനുശേഷം മുങ്ങിയ പ്രതികളില്‍ നാല് പേരെ വിവിധയിടങ്ങളില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അഞ്ചാമനായ കുരയ്ക്കണ്ണി സ്വദേശി നാഗര്‍കോവിലില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
പാപനാശം, ഹെലിപ്പാട്,
ഓടയം ബീച്ചുകളില്‍ സദാചാരപൊലീസ് ചമഞ്ഞ് നിരവധിപേരെ ഇത്തരത്തില്‍ പ്രതികള്‍ ഇരയാക്കിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍, കൂട്ടായ്മകവര്‍ച്ച, കവര്‍ച്ചയ്ക്കിടയില്‍ കഠിനമായി ദേഹോപദ്രവമേല്‍പിച്ച് പണം അപഹരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍
എസ്.ഐ മാരായ ശ്യാംജി, ജയകുമാര്‍, എ.എസ്.ഐ വിജയകുമാര്‍, എസ്.സി.പി.ഒ മാരായ ഇര്‍ഷാദ്, മുരളീധരന്‍, നവാസ്,
സി.പി.ഒ നാഷ് എന്നിവരുള്‍പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Leave a Reply

%d bloggers like this: