Your SEO optimized title

വീട്ടില്‍ അതിക്രമിച്ച് കയറി വയോധികനെ ഭീഷണിപ്പെടുത്തി. ആധാരം തട്ടിയെടുത്തതായി പരാതി.

മരത്തംകോട് സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

എരുമപ്പെട്ടി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍
മരത്തംകോട് സ്വദേശികള്‍ക്കെതിരെ ചാലിശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കറുകപുത്തൂര്‍ അകിലാണം സ്വദേശി പാറയ്ക്കല്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ (74) പരാതിയില്‍ മരത്തംകോട് സ്വദേശികളായ സുബി എന്ന് വിളിക്കുന്ന ഇബ്രാഹീം,
ഡ്രൈവര്‍ മാലിക് കൂടാതെ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ 7-ാം തിയ്യതി ഞായറാഴ്ച രാത്രി എട്ട് മണിയോടെ വിദേശത്ത് ജോലി ചെയ്തിരുന്ന മൊയ്തുണ്ണിയുടെ മകന്‍ ഷിഹാബ് തനിക്ക് പണം തരാനുണ്ടെന്ന് പറഞ്ഞാണ് സുബിയും സംഘവും വീട്ടിലെത്തിയത്.

സംഭവ സമയം പ്രായമെത്തിയ ഷിഹാബിന്റെ മാതാപിതാക്കളും സ്ത്രീകളും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഷിഹാബ് പണം തരാനുള്ള വിവരം അറിയില്ലെന്നും വീട്ടില്‍ പണമില്ലെന്നും അറിയിച്ച ഷിഹാബിന്റെ പിതാവ് മൊയ്തുണ്ണിയെ തള്ളിമാറ്റി സുബിയും സംഘവും വീടിനകത്തേക്ക് പ്രവേശിച്ചതായും
പണം കിട്ടുന്നത് വരെ വീട്ടില്‍ താമസിക്കുമെന്ന് പറഞ്ഞ് സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയതായും സംഭവ സമയം മദ്യ ലഹരിയിലായിരുന്ന ഇവരുടെ കൈവശം മദ്യക്കുപ്പികളും ഭക്ഷണപ്പൊതികളും ഉണ്ടായിരുന്നതായും മൊയ്തുണ്ണി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

രാത്രി 11 മണി വരെ വീടിനകത്ത് തുടര്‍ന്ന ഇവര്‍ ഷിഹാബും മൊയ്തുണ്ണിയുടെ രണ്ടാമത്തെ മകന്‍ ഷിഹാസും വീട്ടിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് വീടിനകത്ത് നിന്നും പിന്‍ മാറിയത്.
പണമില്ലെങ്കില്‍ വീടിന്റെ ആധാരം തന്റെ പേരില്‍ എഴുതിത്തരണമെന്നും അല്ലാത്തപക്ഷം ഷിഹാബിനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ സംഘം
9-ാം തിയ്യതി ചൊവ്വാഴ്ച വീണ്ടുമെത്തിയതായും ഫെഡറല്‍ ബാങ്ക് കറുകപുത്തൂര്‍ ശാഖയില്‍ പണയത്തിലിരുന്ന മൊയ്തുണ്ണിയുടെ ആധാരം കൈവശപ്പെടുത്തിയതായും പരാതിയുണ്ട്.

വീട്ടില്‍ നിന്നും ഭീഷണിപ്പെടുത്തി പുറത്തിറക്കയ മൊയ്തുണ്ണിയുടെ സാന്നിദ്യത്തില്‍ സുബി തന്നെയാണ് ബാങ്കില്‍ പണമടച്ചത്. കൈപറ്റിയ ഉടന്‍ തന്നെ ആധാരം മെയ്തുണ്ണിയില്‍ നിന്നും സുബി കൈവശപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മൊയ്തുണ്ണി ശാരീരികവും മാനസികമായും തളര്‍ന്നു.
മൂത്ര തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മൊയ്തുണ്ണിക്ക് രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടിട്ടില്ല.

സുബിക്കൊപ്പമുണ്ടായിരുന്ന ചിലര്‍ മരത്തംകോട് കിടങ്ങൂര്‍ സ്വദേശികളും മറ്റ് ചിലര്‍ കറുകപുത്തൂര്‍ മതപ്പുള്ളി സ്വദേശികളുമാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

%d bloggers like this: