സമ്പൂര്‍ണ വിഷുഫലം 2019

അശ്വതി
വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, അകന്നു നിന്നിരുന്ന ബന്ധുക്കള്‍ പിണക്കമെല്ലാം മറന്ന് അടുത്തു വരും, ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, മാതൃതുല്യരായവര്‍ക്ക് ശാരീരിക വൈഷമ്യങ്ങളുണ്ടാകും, അത് നിങ്ങളെ പ്രതികൂലമായി ബാധിക്കും, തൊഴില്‍ സംബന്ധമായി മാറ്റങ്ങളുണ്ടാകും, നിലവിലെ ബുദ്ധിമുട്ടാര്‍ന്ന അന്തരീക്ഷത്തില്‍ നിന്നും പുരോഗതിയിലേക്കായിരിക്കും മാറ്റം, നിസാര കാര്യങ്ങളെ സംബന്ധിച്ച് അടുത്ത സുഹൃത്തുക്കളുമായി കലഹങ്ങളുണ്ടാകും, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, പെണ്‍മക്കള്‍ക്ക് പൂര്‍വിക സ്വത്ത് ഭാഗംവച്ച് നല്‍കും.

ദോഷപരിഹാരം: ശ്രീകൃഷ്ണ സ്വാമിക്ക് ഭാഗ്യസൂക്തം.

ഭരണി
ജോലി സംബന്ധമായി വിദേശയാത്ര. ആരോഗ്യം വീണ്ടെടുക്കും, തൊഴില്‍മേഖലയില്‍ സമ്മര്‍ദം വര്‍ധിക്കുന്നതിനാല്‍ അനുയോജ്യമായ തൊഴിലിനായി ശ്രമം നടത്തും, സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ കുറയും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങള്‍. വിലപിടിച്ച രേഖകള്‍ യാത്രാവേളകളില്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, അടുത്ത ബന്ധുക്കളുടെ വിയോഗം മാനസിക ദുഃഖം വര്‍ധിപ്പിക്കും, സുതാര്യമായ പെരുമാറ്റ ശീലം വളര്‍ത്തിയെടുത്താല്‍ ഒരു പരിധി വരെ പരാജയങ്ങളെ തടുത്തു നിര്‍ത്താന്‍ സാധിക്കും, സുഹൃത്തുക്കളുമായി അകലാനിട വരും, സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം, യാത്രകള്‍ അടിക്കടി നടത്തേണ്ടതായി വരും.

ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

കാര്‍ത്തിക
പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ അനുഭവങ്ങള്‍ നിങ്ങളെ പാകപ്പെടുത്തും, അപ്രധാനമായ വിഷയങ്ങളില്‍ തലയിടരുത്, സഹോദരങ്ങളുമായുണ്ടായിരുന്ന സൗന്ദര്യപിണക്കങ്ങള്‍ വിട്ടുവീഴ്ചയിലൂടെ പരിഹരിക്കുന്നത് നല്ലതാണ്, സാഹസിക പ്രവര്‍ത്തികള്‍ തത്കാലം വേണ്ട, ട്രക്കിങ്, ഒറ്റയ്ക്കുള്ള ദൂരയാത്രകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണം, സാമ്പത്തികമായുണ്ടായിരുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ വഴികള്‍ തെളിയും, സന്താനങ്ങള്‍ തമ്മിലുണ്ടാകുന്ന അഭിപ്രായ ഭിന്നതകള്‍ ഹൃദയവേദനയുണ്ടാക്കും, ജീവിതപങ്കാളിയുടെ മോശമായ ആരോഗ്യനിലയില്‍ ആശങ്കയുണ്ടാകും, ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശന കര്‍മം നിര്‍വഹിക്കും.

ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

രോഹിണി
നവദമ്പതികള്‍ക്ക് സന്താനഭാഗ്യം, ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്തുന്നത് തൊഴില്‍മേഖലയില്‍ പുരോഗതിക്ക് ഇടയാക്കും, സമ്മര്‍ദം നിറഞ്ഞ തൊഴില്‍ ഉപേക്ഷിക്കും, സ്വന്തം നിലയില്‍ വ്യാപാരം ആരംഭിക്കും, ധനവരവ് വര്‍ധിക്കും, പിതൃധനം കൈവശം വന്നു ചേരും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും, പൂര്‍വിക ഗൃഹം ഉപേക്ഷിച്ച് ഫ്ളാറ്റോ, വില്ലയോ വാങ്ങുന്നതിന് അവസരമുണ്ട്, ഭൂമിലാഭമുണ്ടാകും, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സ്ത്രീജനങ്ങള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കും.

ദോഷപരിഹാരം: ദേവി ക്ഷേത്രത്തില്‍ വഴിപാട്.

മകയിരം
വ്യാപാരമേഖലയില്‍ പുത്തനുണര്‍വ്, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമാണിത്വം പ്രകടിപ്പിക്കാനവസരം വരും, ദീര്‍ഘനാളത്തെ ചികിത്സകള്‍ നടത്തുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധിക്കും, അപ്രതീക്ഷിതമായി ചില തിരിച്ചടികളെയും പ്രതീക്ഷിച്ചിരിക്കണം, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടസ്ഥലത്തേക്ക് മാറ്റമുണ്ടാകും, വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന പലകാര്യങ്ങളും നടക്കും, വിട്ടു വീഴ്ചയ്ക്കു തയാറാകുന്നതോടെ പൂര്‍വിക സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കു വിരാമമാകും, പണമിടപാടു കാര്യങ്ങളില്‍ ശ്രദ്ധ വേണം, വാസഗൃഹം മോടിപിടിപ്പിക്കും.

ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

തിരുവാതിര
പ്രതിസന്ധികളില്‍ പതറാതിരുന്നാല്‍ വിജയം നിങ്ങളെ തേടിയെത്തും, ആഡംബര വാഹനം വാങ്ങും, ഗൃഹോപകരണങ്ങളും ആഭരണങ്ങളും വാങ്ങുന്നതിനിടയുണ്ട്. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, വാഹന വിപണി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും, കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്കിടയുണ്ട്, ശത്രുക്കള്‍ ക്ഷയിക്കും, പഠന സംബന്ധമായി താത്പര്യം വര്‍ധിക്കും, വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.

ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

പുണര്‍തം
തൊഴില്‍ മാറ്റത്തിനു ശ്രമിക്കുന്നവര്‍ ജാഗ്രതയോടെ മുന്നോട്ടു നീങ്ങണം. തൊഴിലില്‍ ഉറപ്പ് ലഭിക്കാതെ നിലവിലെ തൊഴില്‍ ഉപേക്ഷിക്കരുത്, സന്താനങ്ങള്‍ക്ക് തൊഴില്‍പരമായി ഉയര്‍ച്ചയുടെ കാലമാണ്, കാര്‍ഷിക വൃത്തിയില്‍ നല്ല വിള ലഭിക്കും, ക്ഷീരകര്‍ഷകര്‍ക്കും നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, പിതൃതുല്യരായവര്‍ക്ക് അല്‍പ്പം അസുഖം വരാവുന്നതാണ്, അഭിപ്രായഭിന്നതകള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം, സാമ്പത്തിക ഇടപാടുകളും കരുതലോടെ ചെയ്യണം, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, സമൂഹത്തില്‍ അംഗീകാരവും ബഹുമാന്യതയും ഉണ്ടാകും, മാതൃബന്ധുക്കള്‍ വഴി ധനനേട്ടത്തിനു സാധ്യത, ജാമ്യം നില്‍ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

ദോഷപരിഹാരം: നാഗങ്ങള്‍ക്ക് വഴിപാട്.

പൂയം
അപ്രതീക്ഷിതമായി സ്ഥാനചലനം, സുഹൃത്തുക്കളുടെ സഹായത്തോടെ തൊഴില്‍നേട്ടവും സാമ്പത്തിക നേട്ടവും, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത. കാര്‍ഷിക കാര്യങ്ങളില്‍ അല്‍പ്പം നഷ്ടങ്ങളുണ്ടാകും, വളര്‍ത്തു മൃഗങ്ങള്‍ക്കു നാശമുണ്ടാകാം, വ്യാപാര കാര്യങ്ങളില്‍ വലിയ നഷ്ടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, കൂട്ടുവ്യാപാര മേഖലയില്‍ മറ്റുള്ളവരുമായി അഭിപ്രായ ഭിന്നതകളുണ്ടാകാതെ ശ്രദ്ധിക്കണം, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, പിതൃതുല്യരായവരില്‍ നിന്നും സഹായം ഉണ്ടാകും, സന്താനങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും, അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗീകാരങ്ങള്‍ തേടിയെത്തും.

ദോഷപരിഹാരം: ഗണപതിക്ക് വഴിപാട്.

ആയില്യം
അഭിപ്രായ ഭിന്നതകള്‍ കുടുംബജീവിതത്തിന്റെ താളംതെറ്റിക്കാതെ ശ്രദ്ധിക്കണം, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, ബന്ധുജനങ്ങളുമായുള്ള അകല്‍ച്ച വര്‍ധിക്കും, അടുത്ത സുഹൃത്തുക്കളുമായുണ്ടായിരുന്ന ബന്ധം തകരുന്നതിനിടയുണ്ട്, ഒരു കാര്യവും വ്യക്തമായി മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നതിന് ഭാവിയില്‍ മനസ്താപത്തിന് ഇട വരുത്തും, കടബാധ്യതകള്‍ തീര്‍ക്കും, വിലപിടിച്ച വസ്തുക്കള്‍ യാത്രാവേളകളില്‍ നഷ്ടപ്പെടുന്നതിന് ഇടയുണ്ട്, തൊഴില്‍ മേഖലകളില്‍ ഉത്തരവാദിത്വും ചുമതലകളും വര്‍ധിക്കും, ശത്രുക്കളുടെ കെണിയില്‍ വീഴുന്നതിനിടയുണ്ട്. വാഹനം സംബന്ധമായി വലിയ ചെലവുകള്‍ വരും, വാസഗൃഹം മാറുന്നതിനിടയുണ്ട്.

ദോഷപരിഹാരം: വിഷ്ണുവിന് വഴിപാട്.

മകം
ആരോഗ്യപ്രശ്നങ്ങളുണ്ടാകും, വിദഗ്ധ ചികിത്സകള്‍ക്കൊപ്പം ജീവിതശൈലിയിലുംമാറ്റം വരുത്താന്‍ ശ്രമിക്കും. വിവാഹക്കാര്യത്തില്‍ അനുകൂലമായ ആലോചനകള്‍ വരും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും,കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനാല്‍ തൊഴിലില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വിദേശത്ത് തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ആദ്യം തടസാനുഭവങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ക്കു തുടക്കം കുറിക്കും, വ്യാപാര വ്യവസായ രംഗത്ത് പുതിയ രീതികള്‍ നടപ്പാക്കാന്‍ സാധിക്കും, ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങിക്കും, സഹോദരങ്ങളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യതയോടെ പരിഹരിക്കാന്‍ ശ്രമിക്കണം.

ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

പൂരം
പൂര്‍വിക സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും, സാമ്പത്തികാഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണിക്കായി പ്രതീക്ഷിച്ചതിലുപരി പണച്ചെലവുണ്ടാകും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും, ക്ഷേത്രനടത്തിപ്പുകാര്‍ക്ക് പരീക്ഷണങ്ങളെ അതിജീവക്കേണ്ടതായി വരും, ബന്ധുക്കളുമായുണ്ടായിരുന്ന കലഹം രമ്യമായി പരിഹരിക്കും.വിദഗ്ധ ചികിത്സകളാല്‍ സന്താനഭാഗ്യം കൈവരും, കാര്‍ഷിക മേഖലയിലെ അത്യധ്വാനത്തിന് തുല്യമായ വിളവ് ലഭിക്കും, ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും, വ്യാപാര മേഖലയില്‍ പിടിച്ചു നില്‍ക്കുന്നതിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും.

ദോഷപരിഹാരം: ദേവിക്ക് വഴിപാട്.

ഉത്രം
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴികള്‍ കണ്ടെത്തും, ജോലിയില്‍ മാറ്റമുണ്ടാകും, ബന്ധുബലം കുറയും, ഈശ്വരാധീനത്താല്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പ്രതിസന്ധികളില്ലാതെ നടന്നു കിട്ടും, കാര്യപാടവശേഷി വര്‍ധിക്കും, ബുദ്ധിമികവ് പ്രകടിപ്പേക്കണ്ട സാഹചര്യങ്ങള്‍ വന്നു ചേരും, പണ്ഡിതസദസുകളില്‍ ശോഭിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനു നിരവധി തടസങ്ങളെ തരണം ചെയ്യേണ്ടതായി വരും, സഹോദരങ്ങളുമായി അകാരണമായി അകലാനിടയുണ്ട്, അതിനാല്‍ എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം. സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങളുണ്ടാകും, ഏര്‍പ്പെടുന്ന എല്ലാക്കാര്യങ്ങളിലും മുന്നൊരുക്കങ്ങള്‍ നടത്തണം.

ദോഷപരിഹാരം: സുബ്രഹ്മണ്യന് ഷഷ്ഠി വ്രതം.

അത്തം
തൊഴില്‍ സംബന്ധമായി കൂടുതല്‍ ശ്രദ്ധിക്കണം, ഒരുകാര്യത്തിലും ഉറപ്പ് ലഭിക്കാതെ നിലവിലെ തൊഴിലില്‍ നിന്നും മാറരുത്, സാമ്പത്തിക നില മെച്ചപ്പെടും, ജീവിതചര്യ മാറ്റുന്നതിന്റെ ഭാഗമായി യോഗ തുടങ്ങിയ മാര്‍ഗങ്ങള്‍ ശീലിക്കും, സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ജാമ്യം നില്‍ക്കരുത്, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും ധനലാഭം ഉണ്ടാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, മാതാവിന്റെ ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, മുതിര്‍ന്ന സഹോദരന്മാരുടെ അനാരോഗ്യത്തില്‍ ആശങ്കയനുഭവപ്പെടും.

ദോഷപരിഹാരം: ഗണപതിക്ക് കറുകമാല

ചിത്തിര
പുതിയ ബിസിനസ് സംരഭങ്ങള്‍ക്കു തുടക്കം കുറിക്കും, ഈശ്വരാധീനത്താല്‍ വിചാരിക്കുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ നടത്താന്‍ സാധിക്കും,ലോണ്‍ ഉപയോഗിച്ച് വാഹനം വാങ്ങുമ്പോള്‍ എല്ലാകരാറുകളും ജാഗ്രതയോടെ ശ്രദ്ധിക്കണം, സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, മാതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, കാര്‍ഷിക വൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് വിചാരിച്ചതിലേറെ ചെലവ് വരും, അകന്നു നിന്നിരുന്ന ബന്ധുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.

ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

ചോതി
വിവാദ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, അപ്രാപ്യമെന്നു കരുതിയ പല നേട്ടങ്ങളും തൊഴില്‍മേഖലയില്‍ കൈവരിക്കാന്‍ സാധിക്കും, സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും, തീര്‍ഥാടന കേന്ദ്രങ്ങളില്‍ ജീവിതപങ്കാളിയുമൊത്ത് സന്ദര്‍ശിക്കാനിട വരും, പുതുതലമുറക്കാരുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ വാസഗൃഹം മാറേണ്ടതായി വരും, ഗ്രന്ഥകാരന്മാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അനുകൂലമായ സമയം, യാദൃശ്ചികമായി പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് ഇടയാകും, വേണ്ടപ്പെട്ടവരില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കും.

ദോഷപരിഹാരം: ദേവിക്ക് വഴിപാട്.

വിശാഖം
വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടു കിട്ടും, ദൂരയാത്ര അടിക്കടി നടത്തേണ്ടതായി വരും, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ പോംവഴികള്‍ കണ്ടെത്തും, സന്താനഭാഗ്യമുണ്ടാകും, പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നു ചേരും, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുടെ സമയം, സുതാര്യമായ പ്രവര്‍ത്തനങ്ങളാല്‍ കിംവദന്തികള്‍ ഒഴിവാകും, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, അംഗീകാരങ്ങളും സമ്മാനങ്ങളും തേടിയെത്തും, അധ്യാപക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിക്കാനാകും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങളുടെ സമയം:

ദോഷപരിഹാരം: ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട്.

അനിഴം
നിര്‍മാണ പ്രവര്‍ത്തികള്‍ക്കു വിചാരിച്ചതിലേറെ ചെലവ് വരും, കുടുംബത്തില്‍ മംഗളകര്‍മം നടക്കും,സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കം പാലിക്കണം,വിവാദ വിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, അവധിക്ക് നാട്ടിലെത്തുന്നതിനും ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരമുണ്ടാകും, വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും കൈവരും, സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കും, പ്രണയവിവാഹം നടക്കാം.

ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

തൃക്കേട്ട
സാമ്പത്തികമായി അനുകൂലാവസ്ഥകള്‍ ഉണ്ടാകാം, അധ്വാനഭാരം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യം മോശമായിരിക്കും, ജീവിത ചര്യകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാകും, തൊഴില്‍മേഖലയില്‍ മാറ്റങ്ങളുണ്ടാകും, അടുത്ത ബന്ധുക്കളുമായുണ്ടായിരുന്ന പിണക്കം കലഹത്തിലേക്കു വഴിമാറും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും ബന്ധം പുതുക്കുന്നതിനും അവസരം വരും, തൊഴില്‍മേഖലയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കും.കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവം ഉണ്ടാകും, അന്യദേശവാസത്തിനു സാധ്യതയുണ്ട്.ഏതുകാര്യത്തിനും ആദ്യം തടസം അനുഭവപ്പെടും, പ്രഭാഷകര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും.

ദോഷപരിഹാരം: ഗണപതിക്ക് വഴിപാട്.

മൂലം
വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ജീവിത പങ്കാളിക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, മനസിന് വിഷമകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം, മാതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധയുണ്ടാകാതെ ശ്രദ്ധിക്കണം, കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടും, സന്താനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളങ്ങാനാകും, ആഡംബര വസ്തുക്കള്‍ വാങ്ങും, ഉന്നത വ്യക്തികളുമായുള്ള ബന്ധം ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം.

ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

പൂരാടം
വിദേശത്ത് സ്ഥിരം ജോലി, തൊഴിലില്‍ മേന്മ, എന്നാല്‍, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കും, അടുത്ത ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധ വേണം, വ്യാപാര മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, ജീവിതപങ്കാളിക്ക് തൊഴില്‍ മേന്മ, സന്താനങ്ങളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും, പുസ്തകങ്ങള്‍ എഴുതാവുന്നതാണ്, കലാമേഖലയില്‍ തിളങ്ങും, ആത്മാര്‍ഥതയുള്ള പെരുമാറ്റത്താല്‍ സുഹൃത്തുക്കളുടെ പ്രശംസ പിടിച്ചു പറ്റാനാകും.

ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

ഉത്രാടം
വിവാഹക്കാര്യങ്ങളിലുണ്ടായിരുന്ന തടസം മാറും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം, വിദശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, പുതിയ പ്രൊജക്റ്റുകളില്‍ ഒപ്പുവയ്ക്കും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും, തൊഴില്‍ സംബന്ധമായി ചില ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വരും. തൊഴില്‍പരമായി സ്ഥലം മാറാം, പൂര്‍വിക സ്വത്ത് സംബന്ധിച്ച് സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകാം, ജീവിതപങ്കാളിയെ വിദേശത്തേക്ക് കൊണ്ടു പോകുന്നതിലുണ്ടായിരുന്ന തടസങ്ങള്‍ മാറും. പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും, അനാവാശ്യ വിവാദങ്ങളില്‍ നിന്നും ഒഴിവാകണം.

ദോഷപരിഹാരം: കുടുംബക്ഷേത്രത്തില്‍ വഴിപാട്.

തിരുവോണം
തെറ്റിദ്ധാരണയുടെ പേരില്‍ കുടുംബജീവിതത്തില്‍ അസ്വസ്ഥതകളുണ്ടാകും, പെണ്‍മക്കള്‍ക്ക് വിദേശത്ത് സ്ഥിര ജോലി ലഭിക്കും, ബന്ധുജനങ്ങളില്‍ നിന്നും ഏതുഘട്ടത്തിലും സഹായം ലഭിക്കും, യാത്രകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, ഭൂമിക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും, തൊഴില്‍മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകും, സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, അനാവശ്യ ചെലവുകള്‍ക്ക് കടിഞ്ഞാണിടണം, ജീവിതപങ്കാളിയുടെ ബന്ധുക്കളുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കണം. വാഹനം വാങ്ങുന്നതില്‍ നഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം.

ദോഷപരിഹാരം: ഗണപതിക്ക് വഴിപാട്.

അവിട്ടം
സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, പുതിയ തൊഴിലിടങ്ങളില്‍ മേന്മ കൈവരിക്കാന്‍ സാധിക്കും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, അപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, രക്തദൂഷ്യത്താല്‍ അസുഖങ്ങളുണ്ടാകും, സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തും, വാഹനം മാറ്റി വാങ്ങും, സഹോദരങ്ങളാല്‍ നന്മയുണ്ടാകും. അംഗീകാരങ്ങള്‍ തേടിയെത്തും, സുതാര്യക്കുറവിനാല്‍ കൂട്ടുവ്യാപാരത്തില്‍ നിന്നും പിന്മാറും, പ്രകോപനമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും വിട്ടുവീഴ്ച ചെയ്ത് പിന്മാറുന്നതാണു നല്ലത്.

ദോഷപരിഹാരം: നരസിംഹസ്വാമിക്ക് വഴിപാട്.

ചതയം
പ്രതാപവും ഐശ്വര്യവും വര്‍ധിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സാമ്പത്തികലാഭമുണ്ടാകും,തൊഴില്‍മേഖലയിലുണ്ടായിരുന്ന അനിശ്ചിതാവസ്ഥകള്‍ക്കു മാറ്റമുണ്ടാകും, കാര്‍ഷികവൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വിചാരിച്ചകാര്യങ്ങള്‍ നടപ്പാക്കാന്‍ അഹോരാത്രം പരിശ്രമിക്കേണ്ടതായി വരും, തൊഴിലുമായി ബന്ധപ്പെട്ട് അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും, പിതാവുമായി യോജിച്ച് വ്യാപാരം പുനരാരംഭിക്കും, ഉന്നതവ്യക്തികളുമായി ബന്ധപ്പെടുന്നതിനും അതുവഴി നേട്ടങ്ങളുണ്ടാക്കുന്നതിനും സാധിക്കും, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടങ്ങളുണ്ടാകും, കുടുംബക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, അകന്നു നിന്ന ബന്ധുജനങ്ങളെ ഒരുമിപ്പിക്കാന്‍ മുന്‍കൈയെടുക്കും.

ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വഴിപാട്.

പുരുരുട്ടാതി
വിവാഹക്കാര്യത്തില്‍ തീരുമാനം, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും, വിദേശത്ത് സ്ഥിരജോലി ലഭിക്കും, പിതാവിന്റെ ആരോഗ്യം മോശമാകുന്നതാണ്, മാതൃബന്ധുക്കളില്‍നിന്നും കൂടുതല്‍ സഹായം ലഭിക്കും, വാഹന വിപണി രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് അഗ്‌നിപരീക്ഷകളെ താണ്ടേടതായി വരും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, പിതാവിന്റെ സഹോദരന്മാര്‍ മുഖേന അല്‍പ്പം മനഃപ്രയാസം അനുഭവിക്കും, സന്താനങ്ങളുടെ വിവാഹം മംഗളമായി നടത്തും,അകലെയുള്ള ബന്ധുജനങ്ങളുടെ ചേര്‍ച്ചയ്ക്കും സാക്ഷ്യംവഹിക്കും.

ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

ഉത്രട്ടാതി
ആരോഗ്യനില തൃപ്്തികരമായിരിക്കില്ല,ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, ബന്ധുക്കളുടെ സഹായം എല്ലാഘട്ടങ്ങളിലും ഉണ്ടാകും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവേക ബുദ്ധി ചില സമയങ്ങളില്‍ നഷ്ടപ്പെടാനിടയുണ്ട്, തൊഴില്‍ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, മെച്ചമില്ലാത്തതിനാല്‍ നിലവിലെ തൊഴില്‍ ഉപേക്ഷിക്കും, സുഹൃത്തുക്കളുടെ സഹായത്താല്‍ പുരോഗതിക്കിടയുള്ള തൊഴിലില്‍ ചേരും, സഹോദരങ്ങളുടെ സഹായം ഉണ്ടാകും, മാതാവിന് അനാരോഗ്യം ഉണ്ടാകും, മാതൃബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്.

ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

രേവതി
വിവാഹക്കാര്യത്തില്‍ തീരുമാനം, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, തൊഴിലിടങ്ങളില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും, എന്നിരുന്നാലും തൊഴില്‍മേഖലയിലെ അസ്ഥിരത മനസിനെ അലട്ടും, സാമ്പത്തിക സ്ഥിതിയില്‍ ഭേദപ്പെട്ട അനുഭവങ്ങള്‍ വന്നു ചേരും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം വഹിക്കാനാകും, കായിക മേഖലയില്‍ അവസരങ്ങളെ ഉപയോഗിക്കാനാകും, സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങള്‍ വന്നു ചേരും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കാനിട വരും, സഹോദരങ്ങളാല്‍ നന്മ വരാവുന്നതാണ്.

ദോഷപരിഹാരം: ദേവിക്ക് വഴിപാട്.

Leave a Reply

%d bloggers like this: