പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും.

എടപ്പാള്‍ : മുസ്ലിം ലീഗ് മുന്‍ ദേശീയ പ്രസിഡണ്ടും ഏഴുതവണ പാര്‍ലമെന്റില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുകയും ചെയ്ത ജി.എം ബനാത്വാലയുടെ നാമധേയത്തില്‍ പൊന്നാനി താലൂക്ക് ബനാത്ത്വാല കള്‍ച്ചറല്‍ സെന്ററിന്റെ ഈ വര്‍ഷത്തെ ബനാത്ത്വാല സ്മാരക രാഷ്ട്രീയ പുരസ്‌കാരത്തിനു അഷ്‌റഫ് കോക്കൂരും കാരുണ്യ പുരസ്‌കാരത്തിന് അഷറഫ് താമരശ്ശേരിയും അര്‍ഹരായി. 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണു അവാര്‍ഡ്.
പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ. റഷീദ്, ചരിത്രകാരന്‍ ടി.വി. അബ്ദുറഹ്മാന്‍ കുട്ടി, മലബാര്‍ ഹിസ്റ്ററി ഫൗണ്ടേഷന്‍ സെക്രട്ടറി സി.പി.ആര്‍. സലീഷ്,
സീനിയര്‍ പത്ര പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവരടങ്ങിയ ജൂറിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ നാളിതുവരെയുള്ള കാലങ്ങളിലെ രാഷ്ട്രീയരംഗത്തെ നിസ്തുലവും സജീവവുമായ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് അഷറഫ് കോക്കൂരിനു രാഷ്ട്രീയ പുരസ്‌കാരം നല്‍കുന്നത്.

പ്രവാസി ലോകത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും സംസ്‌കരിക്കാനും നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്നത് പരിഗണിച്ചാണു അഷറഫ് താമരശ്ശേരിക്ക് കാരുണ്യ പുരസ്‌കാരം നല്‍കുന്നത്.

ആഗസ്ത് രണ്ടാം വാരം പൊന്നാനിയില്‍ നടക്കുന്ന ബനാത്ത്വാല സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ വി.കെ.എം. ഷാഫി, സയ്യിദ് ജംഷീദ് തങ്ങള്‍,
ഡോ. ഹാരിസ് ഹുദവി,
സി.പി. ഹസീബ് ഹുദവി, അഡ്വ. കെ.എ. ബക്കര്‍, അഡ്വ. നിയാസ് അഹമ്മദ്, പത്തില്‍ സിറാജ് എന്നിവര്‍ അറിയിച്ചു.