വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയായ എ.ജെ.സണ്‍സ് വേലൂര്‍ അടച്ചു പൂട്ടി

റഷീദ് എരുമപെട്ടി.

കേരളത്തിലും തമിഴ് നാട്ടിലും പലപേരുകളില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച് വിതരണം നടത്തുന്ന കമ്പനിയാണ് .


തൃശൂര്‍: (എരുമപ്പെട്ടി) വേലൂര്‍ കിരാലൂരിലെ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ കമ്പനിയായ എ.ജെ.സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പഞ്ചായത്ത് അടച്ചു പൂട്ടി.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നടപടി. കേരളത്തിലും തമിഴ് നാട്ടിലും പലപേരുകളില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച് വിതരണം നടത്തുന്ന കമ്പനിയാണ് എ.ജെ.സണ്‍സെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഈ സ്ഥാപനത്തില്‍ നിന്നും പതിനായിരം ലിറ്ററിലധികം അളവില്‍ വ്യാജ വെളിച്ചെണ്ണ പിടികൂടിയിരുന്നു.


മായംകലര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച കേരനാട്, ബ്രില്യന്റ് എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണ് കമ്പനി ഗോഡൗണിലും പതിനഞ്ചു കണ്ടയ്‌നര്‍ ലോറികളിലുമായി സൂക്ഷിച്ചിരുന്നത്. വെളിച്ചെണ്ണ പാക്കറ്റ് പൊളിച്ച് കാനുകളിലാക്കി ലൂസ് വെളിച്ചെണ്ണയെന്ന പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം നടത്താനും മറ്റു ബ്രാന്റുകളില്‍ കലര്‍ത്തി വില്‍പ്പന നടത്തുവാനുമാണ് പദ്ധതിയിട്ടിരുന്നത്. ഗോഡൗണ്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് താല്‍ക്കാലികമായി സീല്‍ ചെയ്തിരുന്നെങ്കിലും എടുത്ത സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം തടയാന്‍ കഴിഞ്ഞിരുന്നില്ല. പരിശോധന ഫലം വരുന്നത് വരെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയില്‍ പിടികൂടിയ വെളിച്ചെണ്ണ രാസപദാര്‍ത്ഥങ്ങ ചേര്‍ത്ത വ്യാജനാണെന്ന് പരിശോധന ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അസിസ്റ്റന്റ് ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ കാര്യാലയം പഞ്ചായത്തിന് രേഖാമൂലം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനി അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തത്.പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സ്വപ്ന രാമചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.ആര്‍.ഷോബി, വാര്‍ഡ് മെമ്പര്‍ എന്‍.പ്രശാന്ത്കുമാര്‍, എരുമപ്പെട്ടി എസ്.ഐ.സുബിന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് പഞ്ചായത്ത് സെക്രട്ടറി വി.ജി.ശ്രീകല കമ്പനി പൂട്ടി സീല്‍ ചെയ്തത്.
നിരോധിച്ച കേരനാട്, ബ്രില്യന്റ് എന്നീ പേരുകളിലുള്ള വെളിച്ചെണ്ണ എ.ജെ.സണ്‍സാണ് നിര്‍മ്മിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തമിഴ് നാട്ടില്‍ ഈ കമ്പനി നിര്‍മ്മിച്ച് വിതരണം നടത്തിയിരുന്ന വണക്കം ഓയില്‍ വ്യാജനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കമ്പനി അടച്ചു പൂട്ടിയിരുന്നു.ഇതിന് പുറമെ ജോസ് ബ്രദേഴ്‌സ് ആന്റ് സണ്‍സ്, ഫോര്‍ സ്റ്റാര്‍ ട്രൈഡിംഗ് കമ്പനി എന്ന പേരുകളിലും മുമ്പ് ഈ കമ്പനി വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച് വിതരണം നടത്തിയിരുന്നെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
റഷീദ് എരുമപെട്ടി.

Leave a Reply

Your email address will not be published. Required fields are marked *