പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നില്ലായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എ.സി.മൊയ്തീന്‍.


റഷീദ് എരുമപെട്ടി.


തൃശൂര്‍: (എരുമപ്പെട്ടി)പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നില്ലായെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേലൂര്‍ വെള്ളാറ്റഞ്ഞൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ നടന്നു വരുകയാണ്. ഇതിന് പുറമെ സഹകരണ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രണ്ടായിരം വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ടെന്നും,വെള്ളാറ്റഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രളയ ബാധിതരെ സഹായിക്കാന്‍ 23 ലക്ഷം രൂപ നല്‍കി മാതൃകയായെന്നും മന്ത്രി പറഞ്ഞു.വെള്ളാറ്റഞ്ഞൂര്‍ മൂരായില്‍ വിജയനാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.നിരാലംബനും രോഗബാധിതനുമായതിനാലാണ് വീട് നിര്‍മ്മാണത്തിന് വെള്ളാറ്റഞ്ഞൂര്‍ സഹകരണ ബാങ്ക് നേതൃത്വം നല്‍കുന്നത്. ചടങ്ങിന് ബാങ്ക് പ്രസിഡന്റ് ഇ.എഫ് യോഹന്നാന്‍ അധ്യക്ഷനായി. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ എന്‍.ഡി.സിനി, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസര്‍ കെ.വി.നാരായണന്‍, യൂണീറ്റ് ഇന്‍സ്‌പെക്ടര്‍ ബി. നബകുമാര്‍, സെക്രട്ടറി ടി.ആര്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *