കുന്നംകുളത്ത് പി എം എ വൈ ഭവന നിര്‍മ്മാണ പദ്ധതി പാളുന്നു. നഗരസഭ വിഹിതം ആവശ്യപെടില്ലെന്ന സമ്മത പത്രം നല്‍കുന്നവര്‍ക്ക് മാത്രംസഹായം.


സാധാരണക്കാരന്റെ ഇല്ലായ്മയെ ചൂഷണം ചെയ്യാന്‍ നഗരസഭ സ്വയം നിയമമുണ്ടാക്കുന്നു.

സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ പ്രാപ്തിഇല്ലാത്തവരാണ്‌ ഭവന നിര്‍മ്മാണസഹായത്തിന് അപേക്ഷ നല്‍കുന്നത്. ഇവരോട് സ്വന്തം കയ്യില്‍ നിന്നും പണം എടുത്ത് വീട് നിര്‍മ്മിക്കണമെന്നാണ് സെക്രട്ടറി ആവശ്യപെടുന്നത്.


തൃശൂര്‍: കുന്നംകുളത്ത് പി എം എ വൈ ഭവന നിര്‍മ്മാണ പദ്ധതിക്ക് പുത്തന്‍ നിയമം. നഗരസഭ വിഹിതം സ്വയം വഹിക്കാനുകുന്നവര്‍ക്ക് മാത്രം അനുമതി നല്‍കൂ എന്ന് സെക്രട്ടറി ഗുണഭോക്താക്കളെ അറിയിച്ചു. നഗരസഭ വിഹിതം തങ്ങള്‍ ആവശ്യപെടില്ലെന്ന് സമ്മതപത്രം നല്‍കുന്നവര്‍ക്ക് മാത്രമേ വീട് നിര്‍മ്മാണത്തിന് തുക അനുവദിക്കുകയുള്ളൂ എന്നും സെക്രട്ടറി. പിഎം എ വൈ അപേക്ഷകരുടെ യോഗത്തില്‍നിന്നും സമ്മതപത്രം നല്‍കാത്തവരോട് ഇറങ്ങിപോകാനാശ്യപെട്ടതായും ആരോപണം.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് അപേക്ഷിച്ച 300 ഓളം പേരെയാണ് കഴിഞ്ഞ ദിവസം നഗരസഭ ടൗണ്‍ഹാളില്‍ യോഗത്തിനായി വിളിച്ചുവരുത്തിയത്. രണ്ട് മണിക്ക് വിളിച്ച യോഗത്തിന് ചെയര്‍പഴ്സനും, സെക്രട്ടറിയുമെത്തിയത് രണ്ട് മണിക്കൂര്‍ വൈകിയാണത്രെ. തുടര്‍ന്ന് വീട് നിര്‍മ്മാണത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ ഒന്നരലക്ഷവും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ അമ്പതിനായിരം രൂപയും മാത്രമാണ് ഇപ്പോള്‍ നല്‍കാനാകൂ എന്നും ബാക്കി നഗരസഭ വിഹിതമായി നല്‍കേണ്ട രണ്ട് ലക്ഷം രൂപ സ്വയം വഹിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ സഹായം അനുവദിക്കൂ എന്നും, അത് സമ്മതപത്രമായി എഴുതി നല്‍കണമെന്നും സെക്രട്ടറി ചെയര്‍പഴ്സന്റെ സാന്നിദ്ധ്യത്തില്‍ ആവശ്യപെട്ടതായാണ് പറയുന്നത്. നഗരസഭ തന്നെ തയ്യാറാക്കിയ സമ്മതപത്രം വിതരണം ചെയ്ത് ഒപ്പിടാന്‍ തയ്യാറാവാത്തവര്‍ പുറത്തു പോകണമെന്നും ആവശ്യപെട്ടു. നഗരസഭ വിഹിതം എന്ന് നല്‍കുമെന്ന് സമ്മത പത്രത്തില്‍ പറയുന്നില്ല, മറിച്ച് ഈ തുകക്ക് കാലതാമസമുണ്ടാകുമെന്ന് തങ്ങള്‍ക്ക ബോധ്യമുണ്ടെന്നും ഇത്രയും തുക സ്വയം കണ്ടെത്തി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നും ഗുണഭോക്താക്കള്‍ ഉറപ്പ് നല്‍കുന്നതാണ് സമ്മതപത്രം.

മുന്‍പ് ഭവന വായ്പ അനുവദിക്കപെട്ട 670 ല്‍പരം കുടംബങ്ങള്‍ക്ക് ഇപ്പോഴും ആദ്യഘഡു മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. സാധാരണക്കാരന്റെ വീടെന്ന സ്വപനം വഴി അവരെ ചൂഷണം ചെയ്യുകയും, ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ ഉപഭോക്താക്കളെ സെക്രട്ടറി ആക്ഷേപിക്കുകയും ചെയ്തതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ഇത് ധിക്കാര പരമായ നടപടിയായിരുന്നുവെന്നും പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറയുന്നു. പി എം എ വൈ പദ്ധതി കുന്നംകുളത്ത് അവതാളത്തിലാണെന്നും എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ഭരണ സമതിയെ സെക്രട്ടറി ചൂഷണം ചെയ്യുകയാണെന്നും ഷാജി ആരോപിച്ചു.
ഇത്തരത്തില്‍ ഒരു സമ്മത പത്രം വാങ്ങുന്നതിന് നിയമ പരമായ യാതൊരു അടിസ്ഥാനവുമില്ല. നഗരസഭക്ക് പ്രത്യേക സാഹചര്യത്തില്‍ തീരുമാനിക്കാന്‍ കൗണ്‍സിലര്‍മാര്‍ ആരും ഇക്കാര്യം അറിഞ്ഞിട്ടു കൂടിയില്ലെന്നും പറയുന്നു. എന്നാല്‍ ഭവന നിര്‍മ്മാണ പദ്ധതിക്ക് അപേക്ഷകര്‍ കൂടിയതിനാല്‍ പണം കണ്ടെത്താനായില്ലെന്നും. വീട് നിര്‍്മമാണംതുടങ്ങിയ ശേഷം ഗുണഭോക്താക്കള്‍ നഗരസഭയില്‍ പണം അന്വേഷിച്ചുവരുന്ന പ്രവണത ഒഴിവാക്കാനുമായാണ് സെക്രട്ടറി ഇത്തരത്തില്‍ ഒരു പദ്ധതി ആവിശക്കരിച്ചതെന്നും ചെയര്‍പഴ്സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.
പി എം എ വൈ പദ്ധതിയുടെ പൂര്‍ണ്ണ ചുമതല സെക്രട്ടറിക്കായതിനാലാണ് സെക്രട്ടറി വിഷയം അവതരിപിച്ചത്. പണംനല്‍കില്ലെന്നല്ല, നഗരസഭക്ക് പണം ലഭിക്കുന്ന മുറക്ക് നല്‍കുമെന്നാണ് സമ്മത പത്രത്തിലുള്ളത്. പക്ഷെ അത് എന്ന് നല്‍കുമെന്ന് പറയാനാകില്ലെന്നും ചെയര്‍പഴ്സണ്‍ പറയുന്നു. തത്വത്തില്‍ ഭവന നിര്‍മ്മാണത്തിന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും വീട് നല്‍കിയെന്ന് അവകാശം ഉന്നയിക്കാനും,ഒപ്പം നിയമപ്രകാരം ആര്‍ക്കും പണം ചോതിക്കാനും കഴിയാത്ത രീതിയിലേക്ക് സാധാരണക്കാരനെ കുരുക്കിയിടുക എന്ന ലക്ഷ്യമാണ്‌ നഗരസഭ ഇതിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *