കേരള സ്‌കൂള്‍ ടീമിനെ ഖേലോ ഇന്ത്യ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ കോടതി ഉത്തരവ്

ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത കേരളാ സ്‌കൂള്‍ ടീമിനാണുള്ളത്. എന്നാല്‍ ഇത് പരിഗണിക്കാതെ കേരള സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് സ്‌കൂള്‍ ടീം അംഗങ്ങളെ പൂര്‍ണ്ണമായും തഴഞ്ഞ് കെ.എഫ്.എ ടീമിന് ഖേലോ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണുണ്ടായത്.

റഷീദ് എരുമപെട്ടി.

തൃശൂര്‍:പൂനയില്‍ നടക്കുന്ന ഖേലോ ഇന്ത്യാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള സ്‌കൂള്‍ അണ്ടര്‍ 17 ടീം അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യോഗ്യതയുള്ള കേരള സ്‌കൂള്‍ ടീം അംഗങ്ങളെ ഒഴിവാക്കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമിനെ പങ്കെടുപ്പിക്കുന്നതിനെതിരെ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാസം ജമ്മു കാശ്മീരില്‍ നടന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കേരള സ്‌കൂള്‍ ടീം മൂന്നാം സ്ഥാനം നേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത കേരളാ സ്‌കൂള്‍ ടീമിനാണുള്ളത്. എന്നാല്‍ ഇത് പരിഗണിക്കാതെ കേരള സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് സ്‌കൂള്‍ ടീം അംഗങ്ങളെ പൂര്‍ണ്ണമായും തഴഞ്ഞ് കെ.എഫ്.എ ടീമിന് ഖേലോ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയാണുണ്ടായത്. യോഗ്യതാ പരിശോധന നടത്തി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് പകരം ഏക പക്ഷീയമായി കെ.എഫ്.എയ്ക്ക് അവസരം നല്‍കുകയായിരുന്നു .ഇതിനെ തുടന്നാണ് സ്‌കൂള്‍ ടീം അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.സ്‌കൂള്‍ ടീമിന് ഖേലോ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാന്‍ കേരള സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ഐ.എഫ്.എസിനാണ് കോടതി ഉത്തരവ് നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കുള്‍ ടീം അംഗങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കാമെന്ന് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചെങ്കിലും 10-ാം തിയതിയാണ് മത്സരമെന്നതിനാല്‍ ഇത് പ്രായോഗികമാക്കാന്‍ സാധ്യത കുറവാണ്. കെ.എഫ്.എ ടീം പൂനയിലെത്തി മത്സരത്തിനായി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.വിമാന മാര്‍ഗം മാത്രമെ സ്‌കൂള്‍ ടീം അംഗങ്ങളെ ഇനി പൂനയിലെത്തിക്കാന്‍ കഴിയുകയുള്ളു.കെ.എഫ്.എയുടെ സ്വാധീനമാണ് സ്‌കൂള്‍ ടീമിന് അവസരം നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഖേലോ ഇന്ത്യാ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപെടുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും 5 ലക്ഷം രൂപ എന്ന കണക്കില്‍ 5 വര്‍ഷത്തില്‍ 25 ലക്ഷം രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സ്‌പോര്‍ട് ഡയറക്ടറേറ്റിന്റെ നടപടി യോഗ്യതയുള്ള കായിക താരങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *