ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍,പൂജാരക്ക് ഇരട്ട സ്വഞ്ചറി നഷ്ടമായി.

ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു

സിഡ്നി: ഓസ്ട്രേലിയക്കെതിരെ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജയും (81) നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി.

ഋഷഭ് പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു എന്നതാണ് രണ്ടാം ദിവസത്തെ പ്രധാന സംഭവം.
നാലിന് 303 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക്് തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിഹാരിയെ നഷ്ടമായി. നഥാന്‍ ലിയോണിനാണ് വിക്കറ്റ്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പന്ത് – പൂജാര സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു. 193 റണ്‍സെടുത്ത പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര 193 റണ്‍സെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *